തിരുവനന്തപുരം: കേരള സർവകലാശാലയിലെ പ്രശ്നങ്ങളിൽ വി.സിയുമായി അഭിപ്രായ ഐക്യത്തിലെത്തിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി സിൻഡിക്കേറ്റ് വിളിക്കാൻ തീരുമാനമായി. സിൻഡിക്കേറ്റിന് മുമ്പായി സമവായ ചർച്ച ഉണ്ടാകാം. ഇത്തരത്തിലുള്ള അന്തരീക്ഷം നമ്മുടെ സർവകലാശാലകൾക്ക് നല്ലതല്ലെന്ന് വി.സിയെ ഓർമിപ്പിച്ചതായും മന്ത്രി പറഞ്ഞു.
തർക്കത്തിന് പരിഹാരം വേണമെന്ന് വി.സിയും ആവശ്യപ്പെട്ടു. അതിനാൽ സിൻഡിക്കേറ്റ് വിളിക്കാൻ വി.സി തയാറാകുകയും ചെയ്തു. ഏറ്റവും പെട്ടെന്ന് സിൻഡിക്കേറ്റ് വിളിക്കണമെന്ന നിർദേശമാണ് വി.സിക്ക് നൽകിയത്. രജിസ്ട്രാറുടെ സസ്പെൻഷൻ പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുകയാണെന്നും സിൻഡിക്കേറ്റ് യോഗത്തിൽ ഏതു രജിസ്ട്രാർ പങ്കെടുക്കുമെന്ന് അപ്പോൾ അറിയാമെന്നും ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു.
നേരത്തെ, വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവുമായി ഔദ്യോഗിക വസതിയിലെത്തി ചർച്ച നടത്തിയെങ്കിലും സമവായമുണ്ടായിരുന്നില്ല. മന്ത്രി ഡോ. ആർ. ബിന്ദു മുന്നോട്ടുവെച്ച നിർദേശങ്ങൾ ഡോ. മോഹനൻ കുന്നുമ്മൽ തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.