തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാല വി.സി നിയമനത്തിൽ ചാൻസലറുടെ അധികാരങ്ങൾ കവരുന്ന ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകില്ലെന്ന് ഉറപ്പായതിനാൽ ഭേദഗതി അടുത്ത നിയമസഭ സമ്മേളനത്തിൽ ബില്ലായി അവതരിപ്പിക്കാനൊരുങ്ങി സർക്കാർ. കഴിഞ്ഞ മന്ത്രിസഭ യോഗത്തിലാണ് ഡിജിറ്റൽ സർവകലാശാല വി.സി നിയമനത്തിൽ സർക്കാറിന് മേൽക്കൈ ലഭിക്കുന്ന രീതിയിൽ സെർച് കമ്മിറ്റിയുടെ ഘടനയിൽ മാറ്റംവരുത്താൻ വ്യവസ്ഥ ചെയ്യുന്ന കരട് ഓർഡിനൻസിന് അംഗീകാരം നൽകിയത്.
അഞ്ചംഗ സെർച് കമ്മിറ്റിയിൽ മൂന്നുപേരും സർക്കാർ താൽപര്യം സംരക്ഷിക്കുന്ന രീതിയിലുള്ള ഘടനയാണ് വ്യവസ്ഥ ചെയ്യുന്നത്. ഇതിന് പുറമെ സെർച് കമ്മിറ്റി രൂപവത്കരണ ചുമതല സർക്കാറിനായിരിക്കുമെന്നും കരട് ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്. സെർച് കമ്മിറ്റി രൂപവത്കരിക്കേണ്ടത് ആരായിരിക്കണമെന്നത് സംബന്ധിച്ച് നിലവിലുള്ള 2018ലെ യു.ജി.സി ചട്ടത്തിൽ പ്രത്യേക വ്യവസ്ഥയില്ല. എന്നാൽ, വി.സി നിയമനത്തിൽ രാജ്ഭവൻ വഴിയുള്ള ബി.ജെ.പി ഇടപെടൽ തുടങ്ങുന്നതുവരെ സർക്കാറായിരുന്നു സെർച് കമ്മിറ്റി രൂപവത്കരിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്.
നിയമനാധികാരി എന്ന നിലയിൽ സെർച് കമ്മിറ്റി രൂപവത്കരണാധികാരത്തിൽ ചാൻസലർ പിടിമുറുക്കാൻ ശ്രമം തുടങ്ങിയതോടെയാണ് സർവകലാശാല നിയമത്തിൽ ഇതുസംബന്ധിച്ച വ്യവസ്ഥ ഉൾപ്പെടുത്താനും സർക്കാർ തീരുമാനിച്ചത്. എന്നാൽ, ഇതിനകം പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടാനായി പ്രസിദ്ധീകരിച്ച 2025 യു.ജി.സി കരട് ചട്ടത്തിൽ സെർച് കമ്മിറ്റി നിയമനാധികാരം ചാൻസലർക്കാണ്. അന്തിമ ചട്ടം പ്രസിദ്ധീകരിക്കാത്തതിനാൽ നിയമപ്രാബല്യം ഇപ്പോഴും 2018ലെ ചട്ടത്തിനാണ്.
ഡിജിറ്റൽ സർവകലാശാലക്ക് സമാനമായി ഇതര സർവകലാശാലകളിലെ വി.സി നിയമന സെർച് കമ്മിറ്റികളുടെ ഘടന ഭേദഗതി ചെയ്യാൻ നേരത്തെ നിയമസഭ ബില്ല് പാസാക്കുകയും ഗവർണർക്ക് അയക്കുകയും ചെയ്തിരുന്നു. ഈ ബില്ലിന് ഉൾപ്പെടെ ഗവർണർ അംഗീകാരം നൽകാതെ രാഷ്ട്രപതിക്ക് അയക്കുകയും തിരിച്ചയക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
ഐ.ടി ആൻഡ് ഇലക്ട്രോണിക്സ് വകുപ്പിന്റെ പരിധിയിൽ വരുന്ന ഡിജിറ്റൽ സർവകലാശാല ആക്ടിൽ സമാനമായ ഭേദഗതി കൊണ്ടുവന്നിരുന്നില്ല. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വി.സി നിയമനത്തിന് ഉടൻ നടപടി തുടങ്ങണമെന്ന് സുപ്രീംകോടതി ചാൻസലറായ ഗവർണർക്കും സംസ്ഥാന സർക്കാറിനും നിർദേശം നൽകിയിരുന്നു. ഈ കേസ് 13ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് അടിയന്തരമായി ഡിജിറ്റൽ സർവകലാശാല നിയമത്തിലും വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റിയിൽ സർക്കാറിന് മേൽക്കൈ ഉറപ്പാക്കുന്ന നിയമഭേദഗതിക്ക് ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. ആർ.എസ്.എസ് നോമിനികൾ സർവകലാശാലകളിൽ വി.സിമാരായി നിയമിക്കപ്പെടുന്ന സാഹചര്യം ഒഴിവാകുന്നത് വരെ വി.സി നിയമനത്തിൽ സർക്കാർ മുൻകൈ എടുക്കില്ല. എന്നാൽ, ചാൻസലർ എന്ന നിലയിൽ വി.സി നിയമനത്തിൽ ഗവർണർ നടപടികളെടുത്താൽ പ്രതിരോധിക്കാനുള്ള ആയുധമായി സെർച് കമ്മിറ്റി ഘടന മാറ്റത്തിനുള്ള നിയമ നിർമാണവും അതിന് അംഗീകാരം നൽകാത്ത സാഹചര്യവും സർക്കാർ ഉയർത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.