‘കണ്ണപുരത്ത് പൊട്ടിയത് ബോംബല്ല, ഗുണ്ടാണ്’; കോൺഗ്രസ് നുണപ്രചരണം നടത്തുന്നുവെന്ന് ബിനീഷ് കോടിയേരി

കണ്ണൂർ: കണ്ണപുരത്ത് ഒരാൾ മരിക്കാനിടയായ സ്ഫോടനം ഉഗ്രശേഷിയുള്ള ഗുണ്ട് പൊട്ടിയാണെന്നും അവിടെ ബോംബല്ല പൊട്ടിയതെന്നും ബിനീഷ് കോടിയേരി. യാഥാർഥ്യം വളച്ചൊടിക്കുന്ന കോൺഗ്രസ് സൈബർ സംഘങ്ങളുടെ പച്ച നുണപ്രചരണം ജനം തിരിച്ചറിയണം. ബോംബ് നിർമാണത്തിനിടെ സി.പി.എം പ്രവർത്തകൻ മരിച്ചെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുന്നു. പടക്കക്കരാറുകാരനായ കോൺഗ്രസ് അനുഭാവി അനൂപ് മാലിക് എന്നയാളുടെ വീടിന് സമീപത്താണ് സ്ഫോടനം നടന്നത്. രാഷ്ട്രീയ ലാഭം നേടാൻവേണ്ടി കള്ളപ്രചരണം നടത്തുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസ് അനുകൂല അക്കൗണ്ടുകളിൽനിന്നുള്ള കമന്‍റുകളുടെ സ്ക്രീൻഷോട്ട് ഉൾപ്പെടെയാണ് ഫേസ്ബുക് പോസ്റ്റ്.

ഫേസ്ബുക് കുറിപ്പിന്‍റെ പൂർണരൂപം

കണ്ണപുരം സ്ഫോടനം: ബോംബല്ല, ഗുണ്ടാണ്! യാഥാർഥ്യം വളച്ചൊടിക്കുന്ന കോൺഗ്രസ് സൈബർ സംഘങ്ങളുടെ പച്ച നുണപ്രചരണം ജനങ്ങൾ തിരിച്ചറിയണം.
(കമൻറ് ബോക്സിൽ കണ്ണൂർ വിഷന്റെ ഒരു വീഡിയോ നൽകാൻ നിങ്ങൾ അത് കാണണം)
കണ്ണപുരത്ത് നടന്ന സ്ഫോടനത്തെച്ചൊല്ലി കോൺഗ്രസ് സൈബർ ഗ്രൂപ്പുകൾ നടത്തുന്ന വ്യാജപ്രചരണങ്ങൾ വസ്തുതാവിരുദ്ധമാണ്. ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവർത്തകൻ മരിച്ചെന്ന പച്ചക്കള്ളമാണ് അവർ പ്രചരിപ്പിക്കുന്നത്.
എന്നാൽ, യഥാർത്ഥത്തിൽ സംഭവിച്ചത് അതല്ല. കണ്ണപുരത്ത് പൊട്ടിയത് ബോംബല്ല, ഉഗ്രശേഷിയുള്ള ഗുണ്ടാണ്. പടക്കക്കരാറുകാരനായ കോൺഗ്രസ് അനുഭാവിയായ അനൂപ് മാലിക്ക് എന്നയാളുടെ വീടിന് സമീപത്താണ് ഈ സ്ഫോടനം നടന്നത്. പോലീസ് ഇയാൾക്കായി തിരച്ചിൽ നടത്തുകയാണ്.
ഈ വിഷയത്തിൽ പ്രതികരിച്ച സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് അനൂപ് മാലിക് കോൺഗ്രസുമായി ബന്ധമുള്ളയാളെന്നും ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാത്ത സമയത്ത് സ്ഫോടക വസ്തു നിർമിച്ചത് എന്തിനാണെന്നും രാഗേഷ് ചോദിച്ചു. വീട്ടിൽ കിടന്നുറങ്ങിയിരുന്ന ആളാണ് മരിച്ചതെന്നും കെ.കെ രാഗേഷ് പറഞ്ഞു.
ഈ സത്യം മറച്ചുവെച്ച്, രാഷ്ട്രീയ ലാഭം നേടാൻവേണ്ടി കള്ളപ്രചരണം നടത്തുന്നതിനെതിരെ ജാഗ്രത പാലിക്കുക. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ഈ വസ്തുതകൾ എല്ലാവരിലേക്കും എത്തിക്കുക.

ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കണ്ണപുരം കീഴറയിലെ വീട്ടിൽ ഉഗ്രസ്ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ വീടിന്റെ ഒരു ഭാഗം തകര്‍ന്നു. ചിന്നിച്ചിതറിയ നിലയിൽ മൃതദേഹ ഭാഗങ്ങളും കണ്ടെത്തി. പടക്ക നിർമാണ വസ്തുക്കൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. സ്ഫോടനത്തിൽ തകർന്ന വീടിനു സമീപം താമസിക്കുന്നയാൾ നൽകിയ പരാതിയിൽ എക്‌സ്‌പ്ലോസിവ് സബ്സ്റ്റന്‍സ് ആക്ട് പ്രകാരമാണ് പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തത്. വീട് വാടകക്കെടുത്ത അനൂപ് മാലിക് എന്ന കണ്ണൂർ അലവിൽ സ്വദേശി അനൂപിനെ പ്രതി ചേർത്തു. സ്ഫോടനത്തിൽ ഇയാളുടെ തൊഴിലാളി ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരിച്ചത്.

സംഭവത്തിൽ പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണപുരം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തു. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ വാതിലുകൾ തകരുകയും ചുമരുകളിൽ വിള്ളലേൽക്കുകയും ചെയ്തു. 2016ലെ പൊടിക്കുണ്ട് സ്ഫോടനക്കേസ് ഉൾപ്പെടെ പല കേസുകളിലും പ്രതിയായ ആളാണ് അനൂപ്. മുമ്പത്തെ കേസുകളിൽ നിസാര വകുപ്പുകൾ ചേർത്ത് പൊലീസ് ഇയാളെ രക്ഷിക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. 2016ലെ കേസിന് പുറമെ അനധികൃത പടക്കം സൂക്ഷിച്ചതിന് 2009ലും 2013ലും വളപട്ടണം പൊലീസ് ഇയാളെ പിടികൂടിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളിൽ പറയുന്നു.

Tags:    
News Summary - Bineesh Kodiyeri says blast was happened after cracker explosion and not bomb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.