ആനിരാജ, രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധിയുടെ ‘വോട്ടർ അധികാർ യാത്ര’യിൽ ആനിരാജയും

ബെത്തിയ: വോട്ട് കൊള്ളക്കും വോട്ട് ബന്ദിക്കുമെതിരായ ബിഹാറിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘വോട്ടർ അധികാർ യാത്ര’യുടെ ഭാഗമായി സി.പി.ഐ വനിതാ നേതാവ് ആനിരാജ. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിൽവച്ച് രാഹുൽ നയിക്കുന്ന യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തിലാണ് ആനിരാജ പങ്കെടുത്തത്.

വോട്ടവകാശം ഏറ്റവും പ്രധാനമാണെന്ന് ആനിരാജ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. വോട്ട് നമ്മുടെ സർക്കാറിനെ തെരഞ്ഞെടുക്കാൻ നമ്മളെ പ്രാപ്തരാക്കുന്നു. പണക്കാരനായാലും ദരിദ്രനായാലും ഓരോ വോട്ടിനും ഒരേ മൂല്യം നൽകുന്ന നമ്മുടെ രാജ്യത്ത് തെരഞ്ഞെടുപ്പുകൾ യഥാർഥ സമത്വത്തെ പ്രതിഫലിപ്പിക്കുന്നു. ഈ അവകാശം കവർന്നെടുക്കാനുള്ള ഏതൊരു ശ്രമത്തെയും ഞങ്ങൾ ശക്തമായി എതിർക്കുമെന്നും ആനിരാജ വ്യക്തമാക്കി.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന രാഹുൽ ഗാന്ധിയുടെ എതിരാളിയായിരുന്നു ആനിരാജ. 3.64 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് രാഹുൽ ആനിരാജയെ പരാജയപ്പെടുത്തിയത്. ഉത്തർപ്രദേശിലെ റായ്ബറേലി ലോക്സഭ സീറ്റിൽ വിജയിച്ചതിന് പിന്നാലെ രാഹുൽ രാജിവെച്ച വയനാട് സീറ്റിൽ സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.

ആഗസ്റ്റ് 17ന് ബിഹാറിലെ സസാറാമിൽ നിന്നാണ് രാഹുൽ ഗാന്ധി ‘വോട്ടർ അധികാർ യാത്ര’ക്ക് തുടക്കം കുറിച്ചത്. ബിഹാറിലെ 25 ജില്ലകളിലായി കിടക്കുന്ന 110 നിയമസഭ മണ്ഡലങ്ങളിലൂടെ 1300 കിലോമീറ്റർ താണ്ടി ബിഹാറിന്റെ രാഷ്​ട്രീയ ചരിത്രത്തിൽ ഒരു നാഴിക്കല്ലായി മാറിയ യാത്ര സെപ്റ്റംബർ ഒന്നിന് പട്നയിൽ സമാപിക്കും.

അതേസമയം, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ചേർന്ന് നയിക്കുന്ന യാത്രയിൽ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാത്രയിൽ പങ്കുചേർന്നു. യാത്ര സമാപിക്കുന്നതിന്റെ രണ്ടുനാൾ മുമ്പ് ബിഹാറിലെ സാരണിൽ വച്ചാണ് അഖിലേഷ് യാത്രയുടെ ഭാഗമായത്.

ബി.ജെ.പിയുടെ നിർദേശ പ്രകാരം ജനാധിപത്യത്തിന്റെ വിനാശത്തിനായി നടത്തുന്ന വോട്ടുകൊള്ളക്കെതിരായ പോരാട്ടത്തിന് കിട്ടിയ കരുത്തനായ സഹയോഗിയാണ് അഖിലേഷ് എന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. തമിഴ്നാട്, കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിപക്ഷ നേതാക്കൾ യാത്രയുടെ ഭാഗമാകാൻ എത്തിയിരുന്നുവെന്ന് വേണുഗോപാൽ പറഞ്ഞു.

മുമ്പൊരിക്കലും കാണാത്ത ആവേശത്തിലാണ് ബിഹാർ, ‘വോട്ടർ അധികാർ യാത്ര’യെ സ്വീകരിച്ചതെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.

Tags:    
News Summary - Rahul Gandhi’s Wayanad rival Annie Raja of CPI joins ‘Voter Adhikar Yatra’ in Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.