പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സംസ്ഥാന സർക്കാറിന്റെ സമ്മതത്തിന് കാത്തുനിൽക്കാതെ സൈബർ കുറ്റകൃത്യങ്ങളിൽ അന്വേഷണ നടപടിയുമായി മുന്നോട്ടുപോകാൻ സി.ബി.ഐക്ക് അധികാരം നൽകുന്ന തരത്തിൽ നിയമ ഭേദഗതി കൊണ്ടുവരണമെന്ന് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പാർലമെന്ററി സമിതി. സംസ്ഥാന സർക്കാറുകളുടെ അധികാര പരിധിയിലേക്ക് കടന്നുകയറുന്ന നിയമഭേദഗതിക്കുള്ള ശിപാർശ ബി.ജെ.പി നേതാവ് രാധാമോഹൻ ദാസ് അധ്യക്ഷനായ സമിതി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതിനെ എതിർത്ത് അഡ്വ. ഹാരിസ് ബീരാൻ വിയോജനക്കുറിപ്പ് നൽകി.
സമിതി അംഗങ്ങളായ പ്രിയങ്ക ഗാന്ധി, അജയ് മാക്കൻ തുടങ്ങിയ പ്രതിപക്ഷ അംഗങ്ങൾ ഹാരിസ് ബീരാന്റെ വിയോജനക്കുറിപ്പിനെ പിന്തുണച്ചു. ഭരണഘടന അനുശാസിക്കുന്ന സഹകരണ ഫെഡറലിസത്തിന് എതിരാണ് ഈ ശിപാർശയെന്ന് ഹാരിസ് ബീരാൻ വിയോജനക്കുറിപ്പിൽ പറഞ്ഞു. സൈബർ സുരക്ഷാ കുറ്റകൃത്യത്തിന്റെ പേരിൽ സംസ്ഥാനങ്ങളുടെ മാത്രം അന്വേഷണ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങളിലേക്കും സി.ബി.ഐ കയറും. അത്തരത്തിലുള്ള കടന്നുകയറ്റത്തിൽ നിന്ന് പിന്തിരിയണമെന്നും ഹാരിസ് ബീരാൻ വിയോജനക്കുറിപ്പിൽ രേഖപ്പെടുത്തി.
സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങളെയും ഏജൻസികളെയും പാർലമെന്ററി സമിതി വിളിച്ചുവരുത്തിയിരുന്നു. സമിതിക്ക് മുമ്പാകെ എത്തിയ സി.ബി.ഐ, സംസ്ഥാനങ്ങളുടെ അനുമതി അന്വേഷണത്തിന് പലപ്പോഴും പ്രതിബന്ധമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി. പല സംസ്ഥാന സർക്കാറുകളും സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ സി.ബി.ഐക്ക് അനുമതി നൽകുന്നില്ലെന്ന് ഏജൻസി കുറ്റപ്പെടുത്തി.
കേന്ദ്ര ഏജൻസിയായ സി.ബി.ഐ പ്രവർത്തിക്കുന്നത് ഡൽഹി പൊലീസ് സ്പെഷൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമാണെന്നും പ്രസ്തുത നിയമപ്രകാരം സ്ഥാപിതമായ സി.ബി.ഐക്ക് സംസ്ഥാന സർക്കാറിന്റെ അനുമതിയില്ലാതെ കേസിൽ ഇടപെടാനാവില്ലെന്നും ഏജൻസി ബോധിപ്പിച്ചു. ഈ വാദം മുഖവിലക്കെടുത്ത പാർലമെന്ററി സമിതിയിലെ എൻ.ഡി.എ അംഗങ്ങൾ സംസ്ഥാന സർക്കാറിന്റെ അനുമതിയില്ലാതെ തന്നെ സി.ബി.ഐക്ക് അന്വേഷണം നടത്താനുള്ള അധികാരം കൊടുക്കണമെന്നും ഇതിനാവശ്യമായ നിയമഭേദഗതി ഡൽഹി പൊലീസ് സ്പെഷൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.