ചെന്നൈ ജാഫർഖാൻപേട്ടിൽ അയൽവാസിയുടെ പിറ്റ്ബുൾ വളർത്തുനായുടെ ആക്രമണത്തിൽ 55 വയസ്സുള്ള കരുണാകരനാണ് മരിച്ചത്. സ്വകാര്യ ഭാഗത്ത് ഗുരുതര പരിക്കേറ്റതിനാൽ സംഭവസ്ഥലത്തുതന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു. വീടുകൾ തിങ്ങിനിറഞ്ഞ പ്രദേശത്ത് ആക്രമണ സ്വഭാവമുള്ള ഇത്തരം നായ്കളെ വളർത്തുന്നതിന് ലൈസൻസ് വേണമെന്നിരിക്കെ സംഭവം പൊലീസ് പരിശോധിച്ചു വരുകയാണ്. കരുണാകരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നായുടെ ഉടമയും അയൽവാസിയുമായ പൂങ്കുടിയെയും നായ് ആക്രമിച്ച് പരിക്കേൽപിച്ചിരുന്നു.
മരിച്ച കരുണാകരൻ
പരിക്കേറ്റ പൂങ്കുടിയും ചികിത്സയിലാണ്, ഇതിനു മുമ്പും നായ് പ്രശ്നമുണ്ടാക്കിയിരുന്നതായും നാട്ടുകാർ നായെ അവിടെനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അവർ തയാറായില്ലെന്നും അയൽക്കാർ പൊലീസിനോട് പരാതിപ്പെട്ടു. സുരക്ഷിതമല്ലാത്ത രീതിയിൽ നായെ പരിപാലിച്ചതിന് പൂങ്കുടിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. നായ് കരുണാകരനുമേൽ ചാടിവീണ് കടിച്ചുപറിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷി വെളിപ്പെടുത്തിയത്. ബലിഷ്ഠമായ ശരീരപ്രകൃതിയും കടിച്ചുപറിക്കാൻ അസാധാരണ ശക്തിയുമുളള പിറ്റ് ബുൾ നായ്ക്കൾ അപകടകാരികളായ നായ് വിഭാഗത്തിൽപെട്ടതാണ്.
വെറ്ററിനറി വിഭാഗത്തിന്റെ പിറ്റ്ബുള്ളിനെ പിടികൂടി നിരീക്ഷണത്തിനായി മാറ്റിയിരിക്കുകയാണ്. നായ്ക്കളുടെ ആക്രമണവും തുടർന്നുള്ള മരണവും നഗരത്തിൽ വർധിച്ചു വരികയാണ്. കഴിഞ്ഞ മാസം നഗരത്തിലെ പാർക്കിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ റോട്ട് വീലർ വിഭാഗത്തിലുള്ള നായ് കടിച്ചു കൊലപ്പെടുത്തിയിരുന്നു. പ്രായപൂർത്തിയാവാത്ത ആൺകുട്ടിയോടൊപ്പം പാർക്കിൽ നടത്തിക്കുവാനായി കൊണ്ടുവന്ന റോട്ട് വീലറാണ് ആക്രമിച്ചത്, തുടർന്ന് നായുടെ ഉടമക്കെതിരെ കേസെടുക്കുകയായിരുന്നു.
ആക്രമണസ്വഭാവമുള്ള വിഭാഗത്തിൽപെടുന്ന നായ്ക്കളെ പൊതുസമൂഹത്തിൽ വളർത്തുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെതിരെ ചെന്നൈ കോർപറേഷൻ നടപടിക്കൊരുങ്ങുകയാണ്. നായ്ക്കളെ പിടികൂടി സുരക്ഷിതമായ സ്ഥത്ത് വളർത്തണമെന്ന സുപ്രീം കോടതിവിധിയുള്ളപ്പോഴാണ് ഇത്തരം ദാരുണ സംഭവങ്ങൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.