ന്യൂഡൽഹി: യമുന നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ജലനിരപ്പ് 206 മീറ്ററായി മാറുമെന്നും അതിനാൽ വെള്ളപ്പൊക്ക മേഖലയിലുള്ളവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
വസീറാബാദ്, ഹത്നികുണ്ഡ് ബാരേജുകളിൽനിന്ന് ഒഴുക്ക് ശക്തമായതാണ് ജലനിരപ്പ് ഉയരാൻ കാരണം. തിങ്കളാഴ്ച ഹത്നികുണ്ഡ് ബാരേജിൽ നിന്ന് വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് പഴയ റെയിൽവേ പാലത്തിൽ ജലനിരപ്പ് 204.87 മീറ്ററായി ഉയർന്നു. ജലനിരപ്പ് 206 മീറ്ററായാൽ ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കും. നദിയുടെ ഒഴുക്കും വെള്ളപ്പൊക്ക സാധ്യതകളും നിരീക്ഷിക്കുന്നതിനുള്ള പ്രധാന നിരീക്ഷണ കേന്ദ്രമാണ് പഴയ റെയിൽവേ പാലം.
ഞായറാഴ്ച രാവിലെ ജലനിരപ്പ് 205.22 മീറ്ററായി ഉയർന്നു. നഗരത്തിലേക്കുള്ള മുന്നറിയിപ്പ് അടയാളം 204.50 മീറ്ററും അപകടരേഖ 205.33 മീറ്ററുമാണ്. ഹത്നികുണ്ഡിൽ നിന്നു മാത്രം മണിക്കൂറിൽ 46,968 ക്യുസെക്സ് വെള്ളമാണ് നദിയിലേക്കെത്തുന്നത്. അതേസമയം വസീറാബാദിൽ നിന്ന് ഏകദേശം 38,900 ക്യുസെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടു.
ഹത്നികുണ്ഡിൽ നിന്ന് തുറന്നു വിട്ട ജലം 48 മുതൽ 50 മണിക്കൂർ കൊണ്ട് ഡൽഹിയിലെത്തുമെന്നാണ് അധികൃതർ കരുതുന്നത്. മയൂർവിഹാറിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. സെപ്റ്റംബർ അഞ്ചുവരെ മഴ തുടരുമെന്നാണ് മുന്നയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.