വിചാരണ കാത്തുകിടക്കുന്നത് 7,000ത്തിലേറെ അഴിമതി കേസുകൾ; 600 എണ്ണത്തിന് 20 വർഷത്തിലേറെ പഴക്കം

ന്യൂഡൽഹി: സി.ബി.ഐ അന്വേഷിച്ച 7,072 അഴിമതി കേസുകൾ കോടതികളിൽ വിചാരണ കാത്തുകിടക്കുന്നതായി സെൻട്രൽ വിജിലൻസ് കമീഷന്റെ (സി.വി.സി) ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട്. സർക്കാർ സ്ഥാപനങ്ങളിലെ അഴിമതിയാണ് സി.വി.സി കൈകാര്യം ചെയ്യുന്നത്. 1988ലെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ സംബന്ധിച്ച് സി.ബി.ഐ ആണ് അന്വേഷണ മേൽനോട്ടം വഹിക്കുന്നത്.  

2024 ഡിസംബർ 31വരെ 7072 കേസുകൾ വിചാരണക്കായി കെട്ടിക്കിടക്കുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടുവെന്നും 2024 അവസാനത്തോടെ 2000ത്തിലേറെ കേസുകൾ 10 വർഷത്തിലേറെയായി കെട്ടിക്കിടക്കുന്നത് ആശങ്കാജനകമാണെന്നും അതിൽ പറയുന്നു.

2024 ഡിസംബർ 31ലെ കണക്കനുസരിച്ച്, ആകെ കേസുകളിൽ 1506 എണ്ണം മൂന്ന് വർഷത്തിൽ താഴെയും, 791 എണ്ണം മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെയും, 2115 എണ്ണം അഞ്ചു വർഷം മുതൽ 10 വർഷം വരെയും തീർപ്പാക്കാതെ കിടക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. മൊത്തം 2281 അഴിമതി കേസുകൾ 10 വർഷം മുതൽ 20 വർഷം വരെയും വിചാരണ കാത്തുകിടക്കുന്നുണ്ട്. 

റിപ്പോർട്ട് അനുസരിച്ച്, സി.ബി.ഐയും പ്രതികളും സമർപ്പിച്ച 13,100 അപ്പീലുകൾ ഹൈകോടതികളിലും സുപ്രീംകോടതിയിലും കെട്ടിക്കിടക്കുകയാണ്. ഇതിൽ 606 എണ്ണം 20 വർഷത്തിലേറെയായി കെട്ടിക്കിടക്കുന്നവയാണ്.

2024ൽ കൈക്കൂലി കേസുകൾ കണ്ടെത്തുന്നതിനായി 222 കെണികൾ സ്ഥാപിച്ചു. കൂടാതെ ആനുപാതികമല്ലാത്ത സ്വത്ത് കൈവശം വച്ചതിന് 43 സാധാരണ കേസുകൾ ആ വർഷം രജിസ്റ്റർ ചെയ്തുവെന്നും അതിൽ പറയുന്നു.

807കേസുകളിൽ 111എണ്ണം ഭരണഘടനാ കോടതികളുടെ ഉത്തരവുകൾ അനുസരിച്ചും 61 എണ്ണം സംസ്ഥാന സർക്കാറുകളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ലഭിച്ച റഫറൻസുകൾ അനുസരിച്ചുമാണ് എടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Over 7,000 CBI corruption cases pending trial, 379 stuck for more than 20 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.