ചെന്നൈ: തമിഴകത്ത് തരംഗമുണ്ടാക്കാൻ തമിഴ്നാട് സംസ്ഥാനത്തിലൂടെ യാത്ര നടത്തി ജനങ്ങളെ നേരിൽ കാണാനൊരുങ്ങി നടൻ വിജയ്. തന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ മുതിർന്ന നേതാക്കളുമായിട്ടാണ് തമിഴകത്തെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെ ഒരു ഹൈടെക് യാത്ര നടത്താൻ വിജയ് ഒരുങ്ങുന്നത്.
തമിഴ്നാടിന്റെ പടിഞ്ഞാറൻ മേഖലകളും തമിഴ്നാടിന്റെ പീഠഭൂമിയും ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്.
തന്റെ മധുര സമ്മേളനത്തിന്റെ തരംഗം അടങ്ങുംമുമ്പ് ജനകീയ യാത്ര തുടങ്ങാനാണ് വിജയ് ഉദ്ദേശിക്കുന്നത്. തന്നെയുമല്ല പല പ്രമുഖ പാർട്ടി നേതാക്കളും തങ്ങളുടെ യാത്ര തുടങ്ങിക്കഴിഞ്ഞു. ഡി. എം.കെ നേതാവ് പ്രേമലത, പി.എം.കെ നേതാവ് അൻപുമണി രാംദോസ്, പളനിസ്വാമി എന്നിവർ തങ്ങളുടെ യാത്ര തുടങ്ങി കഴിഞ്ഞു.
യാത്ര സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനായി വിജയ് പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സെപ്തംബർ മാസം രണ്ടാം വാരത്തോടെ യാത്ര തുടങ്ങാനാണ് നീക്കം.
എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള വാഹനമായിരിക്കും വിജയ് ഉപയോഗിക്കുക. മിന്നിത്തിളങ്ങുന്ന വാഹനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദൂരെ നിന്നും ജനങ്ങൾക്ക് വിജയിനെ കാണാനായി തിളങ്ങുന്ന പലനിറത്തിലുള്ള ബൾബ് വെട്ടം ഇരിപ്പിടത്തിലുണ്ടാകും.
മധുര സമ്മേളനത്തിൽ എം.ജി.ആറിന്റെ പ്രശസ്തമായ സിനിമയിലെ ‘നാൻ ആണയിട്ടാൽ’ എന്ന ഗാനം പാടിയ വിജയ് വിമർശനം നേരിട്ടു. ഇ.വി രാമസ്വാമി നായ്ക്കറെ വിജയ് മറന്നു എന്നായിരുന്നു വിമർശനം. വിജയ് ആരംഭിക്കാനിരിക്കുന്ന യാത്ര സംബന്ധിച്ച് ഇതിനോടകം വീഡിയോകൾ പ്രചരിച്ചു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.