വോട്ടർ അധികാർ യാത്രയുടെ സമാപന പദയാത്രയിൽ മല്ലികാർജുൻ ഖാർഗെ
പട്ന: ആറ് മാസത്തിനുള്ളിൽ ബിഹാറിലെ നരേന്ദ്ര മോദി-നിതീഷ് കുമാർ ഡബ്ൾ എഞ്ചിൻ സർക്കാർ നിലംപതിക്കുമെന്ന പ്രഖ്യാപനവുമായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. ബിഹാറിലെ പട്നയിൽ രാഹുൽ ഗാന്ധി നയിച്ച വോട്ടർ അധികാർ യാത്രയുടെ സമാപന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കവെയാണ് ഖാർഗെയുടെ പരാമർശം. ആറു മാസത്തിനുള്ളിൽ ബിഹാറിലെ ഡബ്ൾ എഞ്ചിൻ സർക്കാർ അപ്രത്യക്ഷമാവും. ദളിതരുടെയും പാവപ്പെട്ടവരുടെയും പിന്നാക്കക്കാരുടെയും പുതിയ സർക്കാർ ബിഹാറിൽ രൂപീകരിക്കുമെന്നും ഖാർഗെ വ്യക്തമാക്കി.
കോൺഗ്രസിന്റെയും ഇൻഡ്യ മുന്നണിയുടെയും ശക്തി തെളിയിക്കുന്ന വേദിയായി മാറിയ വോട്ടർ അധികാർ യാത്രയുടെ സമാപന വേദിയിലായിരുന്നു ബി.ജെ.പി സർക്കാറിനും ബിഹാറിലെ എൻ.ഡി.എ സർക്കാറിനുമെതിരെ കോൺഗ്രസ് പ്രസിഡന്റ് ആഞ്ഞടിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി മോഷണം പതിവാക്കിയ ആളാണെന്നും ഖാർഗെ പറഞ്ഞു. പണം മോഷ്ടിക്കുന്ന പോലെയാണ് മോദി വോട്ട് മോഷ്ടിക്കുന്നത്. ബിഹാറിലെ ജനങ്ങളുടെ വോട്ട് മോഷ്ടിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കാനാണ് മോദിയുടെ ശ്രമം. ബാങ്ക് കൊള്ളയടിച്ച് ഓടിപ്പോകുന്നവരുടെ കൂടെയാണ് അദ്ദേഹമുള്ളത്. നിങ്ങൾ ജാഗ്രത പാലിക്കണം, അല്ലാത്തപക്ഷം മോദിയും ഷായും നിങ്ങളെ മുക്കിക്കളയും. മഹാത്മാഗാന്ധിയും അംബേദ്കറും ജവഹർലാൽ നെഹ്‌റുവും ഉറപ്പാക്കിയ വോട്ടവകാശം നമ്മൾ നഷ്ടപ്പെടുത്തരുത്. ഇന്ന് നാമെല്ലാവരും മോഷ്ടാവിനെതിരായി പോരാടുകയാണ്. നമ്മുടെ നിലനിൽപ്പിന് ഭീഷണിയായിരിക്കുന്ന അപകടത്തെ നീക്കം ചെയ്യണം’ -പതിനായിരങ്ങൾ ഒത്തുചേർന്ന റാലിയിൽ പങ്കെടുത്തുകൊണ്ട് കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
16 ദിവസം നീണ്ടു നിന്ന വോട്ടർ അധികാർ യാത്ര ബിഹാറിലെ തെരഞ്ഞെടുപ്പ് ആവേശം വാനോളമുയർത്തികൊണ്ടാണ് തിങ്കളാഴ്ച ഉച്ചയോടെ പട്നയിൽ സമാപിച്ചത്.
ആഗസ്റ്റ് 17 ന് ബിഹാറിലെ സസാറാമിൽ നിന്നുതുടങ്ങിയ യാത്രയിൽ വൻ ജനപങ്കാളിത്തമുണ്ടായതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ബിഹാറിലെ 20 ജില്ലകളിലൂടെ 1300-ലധികം കിലോമീറ്റർ സഞ്ചരിച്ചാണ് യാത്ര പട്‌നയിലെത്തുന്നത്.
തിങ്കളാഴ്ച രാവിലെ ഗാന്ധി മൈതാനിയിൽ ബി.ആർ അംബേദ്കർ പ്രതിമക്ക് മുന്നിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പദയാത്രയോടെയാണ് സമാപന ദിനം ആരംഭിച്ചത്. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ശിവസേന ഉദ്ദവ് നേതാവ് സഞ്ജയ് റാവത്, എൻ.സി.പി വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ, തൃണമൂൽ എം.പി യൂസുഫ് പഠാൻ എന്നിവയും സമാപന ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.