ദേവകി ദേവി
പട്ന: ഒരൊറ്റ ദിവസം കൊണ്ട് രാജ്യം അന്വേഷിക്കുന്ന താരമായി മാറിയിരിക്കുകയാണ് ബിഹാറിലെ മുസാഫർപൂരിൽ നിന്നുള്ള കർഷകയായ ഈ വീട്ടമ്മ. പേര് ദേവകി ദേവി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാതിന്റെ 125ാമത് എപ്പിസോഡിൽ ഈ ബിഹാരി വീട്ടമ്മയെ പരാമർശിച്ചതോടെയാണ് ദേവകി ദേവിയുടെ വിശേഷങ്ങൾ രാജ്യവും തേടാൻ ആരംഭിച്ചത്. കൃഷിക്ക് ആവശ്യമായ ജലമെത്തിക്കാൻ പാടുപെട്ട കർഷകർക്ക് ആശ്വാസമായി ഒരു ഗ്രാമത്തിൽ സോളാർ പമ്പ് സെറ്റുകൾ എത്തിച്ച്, കർഷകരുടെ മണ്ണും മനസ്സും പച്ചപിടിപ്പിച്ചാണ് ഈ വീട്ടമ്മ നാടിന്റെയും രാജ്യത്തിന്റെയും താരമായി മാറിയത്. ഡീസൽ പമ്പ് സെറ്റ് വെച്ച് കൃഷിഭൂമിയിൽ വെള്ളമെത്തിച്ച് ഭാരിച്ച ചിലവു കാരണം കൃഷി തന്നെ നഷ്ടത്തിലായ നൂറുകണക്കിന് പേർക്ക് ആശ്വാസമായ ‘സോളാർ ദീദിയാണ്’ ഇന്ന് ഈ വീട്ടമ്മ.
ബിഹാറിലെ ബോചഹ േബ്ലാക്കിലെ രത്നപുര സ്വദേശിനിയാണ് ദേവകി ദേവി എന്ന വീട്ടമ്മ. ഉത്തരേന്ത്യൻ സംസ്ഥാനത്തെ ഒരു സാധാരണ വീട്ടമ്മ. കൗമാരത്തിൽ തന്നെ വിവാഹിതയായി നാലു മക്കളുടെ അമ്മയായി കുടുംബ ജീവിതം നയിക്കുന്നു. തുണ്ടു ഭൂമിയിലെ കൃഷിയെ ആശ്രയിച്ചു കഴിയുന്ന കുടുംബത്തിന് പ്രാരാബ്ധങ്ങൾ ഒഴിഞ്ഞ നേരമില്ല. സ്വകാര്യ ബാങ്കിങ്ങ് സ്ഥാപനത്തിലെ ജീവനക്കാരനായ ഭർത്താവിന്റെ ജോലി നഷ്ടമാവുകയും, തീപ്പിടുത്തത്തിൽ വീടിന് നാശം സംഭവിക്കുകയും ചെയ്തതോടെ ദേവകകിക്ക് വരുമാനം അനിവാര്യമായി മാറി. ഇതോടെയാണ് എങ്ങനെയും കുടുംബത്തെ സഹായിക്കനായി ദേവകിയും ഇറങ്ങിതിരിക്കുന്നത്.
കൃഷിയൊന്നും ലാഭകരമല്ലെന്നു മാത്രമല്ല, ആവശ്യമായ ജലമെത്തിക്കൽ പോലും ദുസ്സഹമാണെന്നതും വെല്ലുവിളിയായി. ഇതിനിടയിലാണ് മുഖ്യമന്ത്രി നിതീഷ് കുമാർ കൃഷിക്കും ഗാർഹിക ആവശ്യങ്ങൾക്കുമുള്ള സൗരോർജ സാധ്യതകളെ കുറിച്ച് നടത്തിയ പ്രസംഗം ശ്രദ്ധയിൽ പെട്ടത്. തങ്ങളുടെ ഗ്രാമത്തിലെ കൃഷി ഭൂമിയിൽ ഒരു സൗരോർജ പ്ലാന്റ് നിർമിച്ചാൽ എങ്ങനെയിരിക്കുമെന്നായി ആ വീട്ടമ്മയുടെ ആലോചന. തങ്ങളുടെ കുടുംബം ഉൾപ്പെടെ കൃഷിക്കായി ഏറ്റവും കൂടുതൽ തുക നീക്കിവെക്കുന്നത് ജലസേചന സംവിധാനത്തിനാണ് എന്നതിനാൽ, സൗരോർജ പദ്ധതി ചിലവ് കുറക്കാൻ വഴിവെക്കുമെന്നായിരുന്നു ദേവകിയുടെ ആലോചന. എന്നാൽ, വീട്ടുകാർ ആരും ആ റിസ്കെടുക്കാൻ പിന്തുണച്ചില്ല. ഗ്രാമീണർ പരിഹസിച്ചു. എന്നിട്ടും ഈ വീട്ടമ്മ തളർന്നില്ല. സ്വയംസഹായ ഗ്രൂപ്പായ ജീവികയിലെ അംഗങ്ങൾ ദേവകിയുടെ ആശയത്തിന് പിന്തുണയുമായെത്തി. പ്രദേശത്തെ ഫൗണ്ടേഷനിൽ നിന്നും 1.5 ലക്ഷം രൂപ 10 ശതമാനം പലിശക്ക് പണം വായ്പയെടുത്ത് തങ്ങളുടെ ഭൂമിയിൽ സോളാർ പ്ലാന്റ് സ്ഥാപിക്കനായി ശ്രമം. അങ്ങനെ, വലിയ പരിശ്രമത്തിനൊടുവിൽ 2023ൽ ദേവകിയുടെ നേതൃത്വത്തിൽ സൗരോർജ പ്ലാന്റ് ആരംഭിച്ചു. സൗരോർജം ഉപയോഗിച്ച് ജലസേചന പമ്പ് സെറ്റ് പ്രവർത്തിച്ച് പ്രദേശത്തെ കൃഷി സ്ഥലങ്ങളിൽ വെള്ളമെത്തിക്കുകയായിരുന്നു ദേവകിയും കൂട്ടുകാരും ചെയ്തത്.
ചെറിയൊരു പ്രദേശത്ത് ഡീസൽ പമ്പ് ഉപയോഗിച്ച് വെള്ളമെത്തിക്കാൻ കർഷകർ 150 രൂപ ചിലവഴിക്കേണ്ടി വന്നപ്പോൾ, ദേവകിയൂടെ സോളാർ പമ്പ് സെറ്റ് വഴി 30 രൂപക്ക് ജലമെത്തിച്ചു നൽകി. പതിയെ ഗ്രാമത്തിലെ കർഷകരെല്ലാം ദേവകിയുടെ സോളാർ പദ്ധതിയുടെ ഭാഗമായി. രണ്ടു വർഷംകൊണ്ട് ഗ്രാമത്തിലെ 66 കർഷകരുടെ 40 ഏക്കറിൽ അധികം കൃഷി ഭൂമിയിലേക്ക് ദേവകിയിലൂടെ വെള്ളമെത്തുന്നു. ഇതിനകം 1100 മണിക്കൂർ പ്രവർത്തനത്തിലൂടെ 1.40 ലക്ഷം രൂപയും ഈ വീട്ടമ്മ സമ്പാദിച്ചുകഴിഞ്ഞു. എല്ലാ കർഷകർക്കും ചിലവ് കുറക്കാൻ കഴിഞ്ഞതോടെ ഗ്രാമത്തിൽ കൃഷിയും ലാഭകരമായി മാറി.
ഗ്രാമത്തിന്റെയും നാടിന്റെയും മാതൃക വനിതയായി മാറിയ ആ വീട്ടമ്മ ഇന്ന് എല്ലാവരുടെയും സോളാർ ദീദിയാണ്. കർഷകർക്ക് സഹായമാവുക മാത്രമല്ല, സുസ്ഥിരതയുടെയും സ്ത്രീ ശാക്തീകരണത്തിന്റെയും ശക്തമായ സന്ദേശമായി സോളാർ ദീദി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മൻ കി ബാത്’ പരിപാടിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.