ന്യൂഡല്‍ഹി: സായുധ സേനകളിൽ പുരുഷന്മാരെ മാത്രം നിയമിക്കുന്ന കാലം കഴിഞ്ഞെന്ന ഓർമപ്പെടുത്തലുമായി ഡൽഹി ഹൈകോടതി രംഗത്ത്. വ്യോമസേനയിലെ പൈലറ്റ് തസ്തികയില്‍ പുരുഷന്മാരെ മാത്രം പരിഗണിക്കുന്നത് നീതീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, പരാതിക്കാരിയെ പൈലറ്റായി നിയമിക്കാന്‍ ഉത്തരവിട്ടു. സേനയിൽ ആൺ -പെൺ വിവേചനം അനുവദിക്കാവുന്ന കാലമല്ലെന്നും യോഗ്യരായ വനികളെ നിയമിക്കണമെന്നും ജസ്റ്റിസ് സി. ഹരിശങ്കറും ജസ്റ്റിസ് ഓം പ്രകാശ് ശുക്ലയുമടങ്ങിയ ബെഞ്ച് നിർദേശിച്ചു.
സൈന്യത്തിലെ 92 പൈലറ്റുമാരുടെ ഒഴിവിലേക്ക് 2023 മേയ് 17നാണ് യൂനിയൻ പബ്ലിക് സർവീസ് കമീഷൻ (യു.പി.എസ്.സി) അപേക്ഷ ക്ഷണിച്ചത്. രണ്ടൊഴിവ് വനിതകള്‍ക്ക് സംവരണം ചെയ്തിരുന്നു. ഈ രണ്ടൊഴിവിലേക്കും നിയമനമായെങ്കിലും ശേഷിക്കുന്ന 90 ഒഴിവില്‍ 70 എണ്ണമേ നികത്താനായുള്ളൂ. വനിതകളുടെ റാങ്ക് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള അര്‍ച്ചനയാണ് ഹൈകോടതിയെ സമീപിച്ചത്. തസ്തികക്കാവശ്യമായ ഫിറ്റ് ടു ഫ്‌ളൈ സര്‍ട്ടിഫിക്കറ്റ് ഹരജിക്കാരിക്കുണ്ടെന്ന് കോടതി വിലയിരുത്തി.
ഒഴിവു നികത്താത്ത 20 തസ്തികകള്‍ വനിതകള്‍ക്ക് സംവരണം ചെയ്തിട്ടില്ല. എന്നാൽ അതിലേക്ക് പുരുഷന്മാർക്കു മാത്രമേ നിയമനം നൽകാനാകൂ എന്നില്ല. 20 ഒഴിവുകളുണ്ടായിട്ടും വനിതകളുടെ റാങ്ക് പട്ടികയില്‍ ഏഴാമതുള്ള ഹരജിക്കാരിയെ നിയമിക്കാത്തതിന് ന്യായീകരണമില്ല. ബാക്കിയുള്ള സീറ്റുകളിലും യോഗ്യരായ വനിതകളെ നിയമിക്കാൻ കോടതി ഉത്തരവിട്ടു.
രണ്ട് ഒഴിവുകൾ വനിതകൾക്ക് സംവരണം ചെയ്തിട്ടുണ്ടെങ്കിലും ശേഷിക്കുന്ന 90 ഒഴിവുകളിൽ പുരുഷന്മാരെ തന്നെ നിയമിക്കുമെന്ന് വിജ്ഞാപനത്തിലില്ല. അതിലേക്ക് ലിംഗവിവേചനമില്ലാതെ വനിതകളെയും പുരുഷന്മാരെയും പരിഗണിക്കാം. ഈ ഒഴിവുകൾ ഓപൺ മെറിറ്റിൽ പരിഗണിക്കണം. സേനയിൽ പ്രവേശിക്കുന്ന വനിതകൾക്ക് പുരുഷന്മാർക്ക് നൽകുന്നതിന് തുല്യമായ ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.