പട്ന: ശനിയാഴ് അറാ മണ്ഡലത്തിൽ നടന്ന വോട്ടർ അധികാർ റാലിക്കിടെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് സ്വയം പ്രഖ്യാപിച്ചു. ബിഹാറിലെ വോട്ടർ അധികാർ യാത്രയുടെ അവസാനഘട്ടത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു തേജസ്വിയുടെ പ്രഖ്യാപനം. തന്റെ നയങ്ങൾ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കോപ്പിയടിക്കുകയാണെന്നും തേജസ്വി ആരോപിച്ചു.
തന്റെ നയങ്ങൾ കോപ്പിയടിക്കുന്ന നിതീഷ് കുമാറിന് പ്രഖ്യാപനം നടത്താനുള്ള ജോലിയേ ഉള്ളൂവെന്നു തേജസ്വി പരിഹസിച്ചു. ബിഹാർ ജനതക്ക് വേണ്ടത് യഥാർഥ മുഖ്യമന്ത്രിയെ ആണോ അതോ വ്യാജനെ ആണോ വേണ്ടതെന്നും തേജസ്വി ചോദിച്ചു. പിന്നാലെയായിരുന്നു ഇൻഡ്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായുള്ള പ്രഖ്യാപനം നടത്തിയത്. തേജസ്വി മുന്നോട്ടു പോകുന്നു. സർക്കാർ പിന്നാലെയുണ്ട് എന്നായിരുന്നു രാഹുലിന്റെ ആശംസ.
ഈ വർഷം ഒക്ടോബറിലോ നവംബറിലോ ആയിരിക്കും ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ്. അതിനിടെ, ഇൻഡ്യ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തേജസ്വി യാദവിന് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പിന്തുണ പ്രഖ്യാപിച്ചു. വോട്ടർ അധികാർ യാത്രയിൽ അഖിലേഷ് യാദവും പങ്കെടുത്തിരുന്നു.
ഇത്തരമൊരും യാത്ര സംഘടിപ്പിച്ചതിന് തേജസ്വിയെയും രാഹുൽ ഗാന്ധിയെയും അഭിനന്ദിക്കുന്നു. തട്ടിപ്പറിക്കപ്പെടുന്ന തങ്ങളുടെ അവകാശങ്ങളെ കുറിച്ച് ബിഹാർ ജനതയെ ബോധവത്കരിക്കാൻ തേജസ്വിക്കു കഴിഞ്ഞുവെന്നും ഇത്തവണ ജനം മാറിച്ചിന്തിക്കുമെന്നും അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു. ഉപമുഖ്യമന്ത്രി ആയിരുന്ന കാലത്ത് തേജസ്വി യാദവിൽ ബിഹാറിൽ നടപ്പാക്കിയ പരിഷ്‍കാരങ്ങളെ കുറിച്ചും അഖിലേഷ് എടുത്തുപറഞ്ഞു.
ബിഹാറിലെ വോട്ടർ അധികാർ യാത്ര വിജയമായതിന് പിന്നാലെ വോട്ട് കൊള്ളക്കെതിരായ പ്രതിഷേധം രാജ്യവ്യാപകമാക്കാൻ ഇൻഡ്യ സഖ്യം തീരുമാനിച്ചിരുന്നു. ബിഹാറിൽ പരിഷ്കരിച്ച വോട്ടർപട്ടിക പ്രസിദ്ധീകരിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഗ്രാമീണ മേഖലകളെ ഇളക്കിമറിച്ചാണ് വോട്ടർ അധികാർ യാത്ര അവസാനിച്ചത്. 25 ജില്ലകളിലെ 110 നിയമസഭാ മണ്ഡലങ്ങളിലൂടെ യാത്ര കടന്നുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.