കുസും സിൻഹയും പ്രിയ സെഹ്ഗാളും

മകന് നൽകിയ പിറന്നാൾ സമ്മാനത്തെച്ചൊല്ലി തർക്കം; ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി യുവാവ്

ന്യൂഡൽഹി: മകന് നൽകിയ പിറന്നാൾ സമ്മാനത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ പ്രകോപിതനായ യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി. ഡൽഹിയിലെ രോഹിണിയിൽ ശനിയാഴ്ചയാണ് സംഭവം. കുസും സിൻഹ (63), മകൾ പ്രിയ സെഹ്ഗാൾ (34) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രിയയുടെ ഭർത്താവ് യോഗേഷ് സെഹ്ഗാളിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ആഗസ്റ്റ് 28ന് കൊച്ചുമകൻ ചിരാഗിന്‍റെ പിറന്നാൾ ആഘോഷിക്കാൻ പ്രിയയുടെ വീട്ടിൽ എത്തിയതായിരുന്നു കുസും. ആഘോഷത്തിനിടെ പിറന്നാൾ സമ്മാനത്തെച്ചൊല്ലി പ്രിയയും ഭർത്താവ് യോഗേഷും തമ്മിൽ വാക്കേറ്റമുണ്ടായി. വഴക്ക് തീർക്കാനായി കുസും തിരികെ മടങ്ങാതെ പ്രിയയുടെ വീട്ടിൽ തങ്ങി. 30ന് പ്രിയയുടെ ഇളയ സഹോദരൻ മേഘ് അമ്മയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ എടുത്തില്ല. സഹോദരിയുടെ ഫോണിൽ വിളിച്ചപ്പോഴും സമാന സാഹചര്യമായിരുന്നു

പിന്നാലെ പ്രിയയുടെ ഫ്ലാറ്റിലെത്തിയ മേഘ് വീട് പൂട്ടിയിട്ടതായി കണ്ടു. എന്നാൽ വാതിൽപ്പടിക്ക് സമീപം രക്തക്കറ കണ്ടത് സംശയത്തിനിടയാക്കി. കാര്യം ബന്ധുക്കളെ അറിയിച്ച ശേഷം പൂട്ട് തകർത്ത് അകത്തുകയറിയ മേഘ്, അമ്മയുടെയും സഹോദരിയുടെയും മൃതശരീരങ്ങൾ രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ് കണ്ടത്. ഇരുവരെയും കൊലപ്പെടുത്തിയ യോഗേഷ് കുട്ടികളുമായി കടന്നുകളഞ്ഞെന്നാണ് മേഘ് പൊലീസിനോട് പറഞ്ഞത്.

ശനിയാഴ്ച വൈകിട്ടോടെ കുസുമിന്‍റെ മകൻ മേഘ് സിൻഹ, കെ.എൻ.കെ മാർഗ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് തന്‍റെ മാതാവും സഹോദരിയും കൊല്ലപ്പെട്ടെന്ന വിവരം അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് ഇരുവരുടെയും മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തി. പരാതിയിൽ സേടുത്ത് അന്വേഷണം നടത്തവെയാണ് പ്രതി പിടിയിലായത്. യോഗേഷ് നിലവിൽ തൊഴിൽരഹിതനാണ്. ഇയാളുടെ രക്തം പുരണ്ട വസ്ത്രവും കുറ്റകൃത്യത്തിനായി ഉപയോഗിച്ച കത്രികയും കണ്ടെത്തിയിട്ടുണ്ട്. ഫൊറൻസിക് സംഘം ക്രൈം സീനിൽ വിശദ പരിശോധന നടത്തുന്നുണ്ട്.

പ്രിയയുടെ മറ്റൊരു സഹോദരനായ ഹിമാലയയും സംഭവത്തിൽ പ്രതികണവുമായി രംഗത്തെത്തിയിട്ടുണ്ട്. “അടുത്ത ദിവസം മടങ്ങിവരുമെന്ന് പറഞ്ഞാണ് അമ്മ സഹോദരിയുടെ വീട്ടിൽ പോയത്. ഇടയ്ക്ക് വിളിച്ചപ്പോൾ വഴക്ക് നടക്കുന്നുണ്ടെന്നും അതിന് പരിഹാരമായ ശേഷം തിരിച്ചുവരാമെന്നും പറഞ്ഞു. എന്നാൽ അതിനടുത്ത ദിവസവും തിരികെ വന്നില്ല. രാവിലെ 11 മണിക്കും 11.30ക്കും 12നും വിളിച്ചിട്ടും ഫോണെടുത്തില്ല. പ്രിയയെ വിളിച്ചിട്ടും അതുതന്നെ സ്ഥിതി.

ഉച്ചകഴിഞ്ഞതോടെ അവിടെ പോയിനോക്കാൻ ഞങ്ങൾ തീരുമാനിച്ചു. മൂന്നരയോടെ ഫ്ലാറ്റിലെത്തി. വീട് പൂട്ടിയ നിലയിലായിരുന്നു. പൂട്ടിലുൾപ്പെടെ രക്തക്കറ ഉണ്ടായിരുന്നു. 17 വർഷമായി അവരുടെ വിവാഹം കഴിഞ്ഞിട്ട്. എല്ലാവർക്കുമിടയിൽ വഴക്കുണ്ടാകും. എന്നാൽ ഭാര്യയെയും ഭാര്യാമാതാവിനെയും ഇത്ര മനുഷ്യത്വ രഹിതമായി ആരെങ്കിലും കൊല്ലുമോ? വലിയ ക്രൂരതായിപ്പോയി” -വാർത്ത ഏജൻസിയായ പി.ടി.ഐയോട് ഹിമാലയ പറഞ്ഞു.

Tags:    
News Summary - Delhi Man Kills Wife, Mother-In-Law After Fight Over Birthday Gifts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.