തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ നിയമസഭ സമ്മേളനത്തിലെ പങ്കാളിത്ത കാര്യത്തിൽ വ്യക്തത വരുത്തി കോൺഗ്രസ്. സമാന നിലയിൽ ആരോപണ വിധേയനായ സി.പി.എം അംഗം എം. മുകേഷിന്‍റെ നിയമസഭ സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് പ്രതിരോധം. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് പിന്നാലെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും രാഹുലിന്‍റെ സഭാപ്രവേശത്തെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
മുകേഷിന് സഭയിൽ വരാമെങ്കിൽ രാഹുലിനും വരാമെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. നിയമസഭയിൽ ഭരണപക്ഷം ഈ വിഷയമുയർത്തിയാൽ കാര്യകാരണ സഹിതം നേരിടേണ്ട രീതിയിൽ നേരിടും. എന്താണ് അദ്ദേഹത്തിനുള്ള അയോഗ്യത? എം.എൽ.എ എന്ന നിലയിൽ രാഹുലിന് നിയമസഭയിൽ പങ്കെടുക്കാൻ അവകാശമില്ലേ? രാഹുൽ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യം തനിക്കറിയില്ല. ഇക്കാര്യം താനുമായി ആശയവിനിമയം നടത്തിയിട്ടില്ല. പക്ഷേ അദ്ദേഹത്തിന് പങ്കെടുക്കുന്നതിൽ തടസ്സമില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
രാഹുൽ നിയമസഭയിൽ പോകണമെന്ന അഭിപ്രായക്കാരനാണ് താനെന്നായിരുന്നു അടൂർ പ്രകാശിന്‍റെ പ്രതികരണം. രാഹുലിന്റെ കാര്യം മാത്രമാണ് ഇപ്പോൾ ചർച്ചയായി ഉയരുന്നത്. അതേസമയം, സമാന നിലയിൽ ആരോപണ വിധേയരായ പലരും നിയമസഭയിൽ ഇരിക്കുന്നുണ്ട്. ഒരു ചെറുപ്പക്കാരനെ മാത്രം നിയമസഭയിൽ നിന്ന് മാറ്റി നിർത്തിക്കൊണ്ടുള്ള പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നത് ഒരിക്കലും ശരിയല്ല. എല്ലാവർക്കും നീതി ഒരുപോലെയാണ്. രാഹുലിന്റെ പേരിൽ കേസെടുത്തിട്ടുണ്ടോ? രാഹുലിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ല എന്ന് തന്നെ താൻ പറയും. നിയമസഭ തെരഞ്ഞെടുപ്പ് വരുമ്പോൾ ഇത്തരം ആരോപണങ്ങൾ വരാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതോടെ സ്വതന്ത്ര അംഗത്തിന്‍റെ പരിഗണന മാത്രമാണ് രാഹുലിന് നിയമസഭയിൽ ലഭിക്കുക. അതേസമയം, കോൺഗ്രസ് എം.എൽ.എമാരുടെ ബ്ലോക്കിൽ നിന്ന് രാഹുലിന്റെ മാറ്റുമോ എന്നത് കണ്ടറിയണം. ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം വരുത്തണമെങ്കിൽ പാർലമെന്‍ററി പാർട്ടി രേഖാമൂലം സ്പീക്കറോട് ആവശ്യപ്പെടണം. രാഹുലിനെ തങ്ങളുടെ ബ്ലോക്കിൽ നിന്ന് മാറ്റുന്നതിന് സ്പീക്കർക്ക് കോൺഗ്രസ് കത്ത് നൽകുമോ എന്നതാണ് ഇനി വ്യക്തമാകേണ്ടത്. പാർട്ടി പരിഗണനയാണ് മാനദണ്ഡമെന്നതിനാൽ ശ്രദ്ധ ക്ഷണിക്കലിനുള്ള അവസരം രാഹുലിന് കിട്ടില്ല. സബ്മിഷനുകൾ അവതരിപ്പിക്കാനുള്ള സാധ്യതയും വളരെ കുറവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.