തിരുവനന്തപുരം: ശസ്ത്രക്രിയ പിഴവ് കാരണം യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ യുവതിയോട് ഡയറക്ടറേറ്റിലെത്താൻ ആരോഗ്യവകുപ്പ് നിർദേശം. ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. ചികിത്സ രേഖകൾ ഹാജരാക്കാൻ യുവതിയോടും ആശുപത്രി സൂപ്രണ്ടിനോടും പൊലീസ് ആവശ്യപ്പെട്ടു.
കാട്ടാക്കട കിള്ളി സ്വദേശി സുമയ്യയാണ് (26) നെഞ്ചിൽ ഗൈഡ് വയറുമായി രണ്ടരവർഷത്തിലധികമായി ദുരിതം അനുഭവിക്കുന്നത്. ഇത് നീക്കം ചെയ്യണമെന്നതാണ് യുവതിയുടെ ആവശ്യം. ഇക്കാര്യം പരിശോധിക്കാൻ ആരോഗ്യവകുപ്പിലെ വിദഗ്ധരുടെ നേതൃത്വത്തിൽ സമിതി രൂപവത്കരിച്ച് യുവതിയെ പരിശോധിക്കും. ആവശ്യമെങ്കിൽ ശ്രീചിത്രയിലെ ഡോക്ടർമാരെയും ഉൾപ്പെടുത്തും.
ഇതിനിടെ ചികിത്സ പിഴവിന്റെ എല്ലാ വശങ്ങളും പരിശോധിക്കണമെന്ന് കേരള ഗവൺമെന്റ് സ്പെഷലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ ഭാഗത്തുനിന്ന് പിഴവുണ്ടായിട്ടില്ല. ശ്രീചിത്രയിലെ മെഡിക്കൽ ബോർഡ് വയർ നീക്കം ചെയ്യേണ്ട ആവശ്യമില്ലെന്ന ഉപദേശം നൽകിയിട്ടുണ്ട് -ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.