തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ നികുതി വരുമാനം പങ്കിടണമെന്ന ഇൻഫർമേഷൻ കേരള മിഷന്റെ ആവശ്യത്തോട് സമ്മതം അറിയിച്ച് തദ്ദേശവകുപ്പ്. ചട്ടലംഘനമാണെന്നും തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനത്തെ താളംതെറ്റിക്കുമെന്നും ചൂണ്ടിക്കാട്ടിയുള്ള പ്രിൻസിപ്പൽ ഡയറക്ടറുടെ എതിർപ്പ് മറികടന്നാണ് ശിപാർശ.
വിഷയത്തിൽ സർക്കാർ ഉടൻ അന്തിമതീരുമാനമെടുത്തേക്കും. തദ്ദേശസ്ഥാപനങ്ങളുടെ പ്രധാന തനതുവരുമാന സ്രോതസായ കെട്ടിടനികുതിയിൽ നിന്ന് അഞ്ചുശതമാനം വേണമെന്നാണ് ഇൻഫർമേഷൻ കേരള മിഷൻ (ഐ.കെ.എം) ആവശ്യപ്പെട്ടത്. ഒടുവിൽ 2.5 ശതമാനം നൽകാമെന്ന് ധാരണയായി.
വിഷയം പഠിക്കാൻ സർക്കാർ നിയോഗിച്ച തദ്ദേശവകുപ്പ് സ്പെഷൽ സെക്രട്ടറി ചെയർപേഴ്സനായ സമിതിയാണ് 2.5 ശതമാനം നൽകാമെന്ന് ശിപാർശ നൽകിയത്. തദ്ദേശസ്ഥാപനങ്ങൾക്ക് സോഫ്റ്റ്വെയർ വികസിപ്പിക്കുന്ന സർക്കാർ സ്ഥാപനമാണ് ഐ.കെ.എം. 2024-25ലെ നികുതി വരുമാനത്തെ അടിസ്ഥാനമാക്കിയാൽ പ്രതിവർഷം 70.5 കോടിയോളം രൂപയാണ് തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ഐ.കെ.എമ്മിലേക്ക് എത്തുക.
കഴിഞ്ഞ സാമ്പത്തികവർഷം കെട്ടിട നികുതിയിനത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് കിട്ടിയത് 2836 കോടിയാണ്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവയുടെ വികസനഫണ്ടിന്റെ 0.25 ശതമാനം മിഷന് നൽകുന്നുണ്ട്. ബ്ലോക്ക്, ജില്ല പഞ്ചായത്തുകളുടെ വികസന ഫണ്ടിന്റെ 0.1ശതമാനവും നൽകുന്നു. ഐ.കെ.എമ്മിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്നും ശമ്പളം മുടങ്ങുന്ന സ്ഥിതിയെന്നും ചൂണ്ടിക്കാട്ടിയാണ് നികുതി വിഹിതം ആവശ്യപ്പെത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.