എം.എം. ഹസ്സൻ
തിരുവനന്തപുരം: യുവതികളുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തലിനെതിരെ രംഗത്ത് വന്ന വനിത നേതാക്കളെ വിമർശിച്ച് മുതിർന്ന നേതാവ് എം.എം. ഹസൻ. ഈ വിഷയത്തിൽ പാർട്ടി നിലപാട് എടുക്കുന്നതിന് മുമ്പ് വനിത അംഗങ്ങൾ രംഗത്ത് വന്നത് തെറ്റാണെന്നും ഹസൻ അഭിപ്രായപ്പെട്ടു. അവർ പറഞ്ഞത് അവരവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. പാർട്ടിയാണ് അന്തിമ തീരുമാനം എടുക്കുന്നത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ ഒരാളെ സംരക്ഷിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ഹസൻ വ്യക്തമാക്കി.
നിയമസഭയിൽ പങ്കെടുക്കണോ വേണ്ടയോ എന്നത് രാഹുലിന്റെ തീരുമാനമാണ്. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് മുഖ്യമന്ത്രി ആവശ്യമുന്നയിച്ചു. ആരോപണവിധേയരായ സ്വന്തം എം.എൽ.എമാരും മന്ത്രിമാരും തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ രാജിയാവശ്യം. സ്വന്തം മുന്നണിയിലുള്ളവരെ സംരക്ഷികുന്ന നിലപാട് എടുക്കുന്ന മുഖ്യമന്ത്രിയാണ് രാജി ആവശ്യപ്പെടുന്നത്. എന്ത് യുക്തിയുടെ പേരിലാണ് മുഖ്യമന്ത്രി രാഹുൽ രാജി വെക്കണമെന്ന് പറയുന്നത്. രാഹുലിനെതിരെ ഒരാളും പരാതി കൊടുത്തിട്ടില്ല. അന്വേഷണത്തിൽ ആർക്കും കുഴപ്പമില്ല. സംരക്ഷണംനൽകും എന്നൊക്കെ പറഞ്ഞ് മുഖ്യമന്ത്രി പരാതിക്കാരെ തേടി ഇറങ്ങിയിരിക്കുകയാണെന്നും ഹസൻ പരിഹസിച്ചു.
ഷാഫി പറമ്പിലിനെ തടഞ്ഞാൽ കോൺഗ്രസ് കൈയും കെട്ടി നോക്കിനിൽക്കില്ല. നിങ്ങളുടെ സ്ത്രീപീഡകരായ മന്ത്രിമാർക്കും എം.എൽ.എമാർക്കും റോഡിലിറങ്ങി നടക്കാനാകുമെന്ന് ഡി.വൈ.എഫ്.ഐക്കാർ വ്യാമോഹിക്കേണ്ട. യൂത്ത്കോൺഗ്രസും കോൺഗ്രസും കൈയും കെട്ടി നോക്കിനിൽക്കില്ലെന്നും ഹസൻ പറഞ്ഞു.
കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. സമാനമായ ആരോപണമുയർന്ന സി.പി.എം എം.എൽ.എ മുകേഷിന് നിയമസഭയിൽ വരാമെങ്കിൽ രാഹുലിനെ എന്തിന് വിലക്കണം എന്നായിരുന്നു സണ്ണി ജോസഫിന്റെ ചോദ്യം.
നിയമസഭയിൽ ഭരണപക്ഷം ഈ വിഷയമുയർത്തിയാൽ കാര്യകാരണ സഹിതം നേരിടേണ്ട രീതിയിൽ നേരിടും. എന്താണ് അദ്ദേഹത്തിനുള്ള അയോഗ്യത? എം.എൽ.എ എന്ന നിലയിൽ രാഹുലിന് നിയമസഭയിൽ പങ്കെടുക്കാൻ അവകാശമില്ലേ? രാഹുൽ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യം തനിക്കറിയില്ല. ഇക്കാര്യം താനുമായി ആശയവിനിമയം നടത്തിയിട്ടില്ല. പക്ഷേ അദ്ദേഹത്തിന് പങ്കെടുക്കുന്നതിൽ തടസ്സമില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും സമാന നിലപാടാണ് സ്വീകരിച്ചത്. രാഹുൽ നിയമസഭയിൽ പോകണമെന്ന അഭിപ്രായക്കാരനാണ് താനെന്നായിരുന്നു അടൂർ പ്രകാശിന്‍റെ പ്രതികരണം. രാഹുലിന്റെ കാര്യം മാത്രമാണ് ഇപ്പോൾ ചർച്ചയായി ഉയരുന്നത്. അതേസമയം, സമാന നിലയിൽ ആരോപണ വിധേയരായ പലരും നിയമസഭയിൽ ഇരിക്കുന്നുണ്ട്. ഒരു ചെറുപ്പക്കാരനെ മാത്രം നിയമസഭയിൽ നിന്ന് മാറ്റി നിർത്തിക്കൊണ്ടുള്ള പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നത് ഒരിക്കലും ശരിയല്ല. എല്ലാവർക്കും നീതി ഒരുപോലെയാണ്. രാഹുലിന്റെ പേരിൽ കേസെടുത്തിട്ടുണ്ടോ? രാഹുലിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ല എന്ന് തന്നെ താൻ പറയും. നിയമസഭ തെരഞ്ഞെടുപ്പ് വരുമ്പോൾ ഇത്തരം ആരോപണങ്ങൾ വരാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതോടെ സ്വതന്ത്ര അംഗത്തിന്‍റെ പരിഗണന മാത്രമാണ് രാഹുലിന് നിയമസഭയിൽ ലഭിക്കുക. അതേസമയം, കോൺഗ്രസ് എം.എൽ.എമാരുടെ ബ്ലോക്കിൽ നിന്ന് രാഹുലിന്റെ മാറ്റുമോ എന്നത് കണ്ടറിയണം. ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം വരുത്തണമെങ്കിൽ പാർലമെന്‍ററി പാർട്ടി രേഖാമൂലം സ്പീക്കറോട് ആവശ്യപ്പെടണം. രാഹുലിനെ തങ്ങളുടെ ബ്ലോക്കിൽ നിന്ന് മാറ്റുന്നതിന് സ്പീക്കർക്ക് കോൺഗ്രസ് കത്ത് നൽകുമോ എന്നതാണ് ഇനി വ്യക്തമാകേണ്ടത്. പാർട്ടി പരിഗണനയാണ് മാനദണ്ഡമെന്നതിനാൽ ശ്രദ്ധ ക്ഷണിക്കലിനുള്ള അവസരം രാഹുലിന് കിട്ടില്ല. സബ്മിഷനുകൾ അവതരിപ്പിക്കാനുള്ള സാധ്യതയും വളരെ കുറവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.