തിരുവനന്തപുരം: സർക്കാറിന്റെ വികസന സദസ്സിന് തദ്ദേശസ്ഥാപനങ്ങള്‍ കണ്ടെത്തേണ്ടത് 50 കോടിയോളം രൂപ. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഒരുമാസം നീളുന്ന വികസന സദസ്സിനാണ് ചെലവ് തദ്ദേശ സ്ഥാപനങ്ങള്‍ വഹിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. എല്ലാ തദ്ദേശ സ്ഥാപനങ്ങളും തനത് ഫണ്ടില്‍ നിന്നോ പ്ലാന്‍ ഫണ്ടില്‍ നിന്നോ ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ അനുമതി നല്‍കിയതിനൊപ്പം സ്പോണ്‍സര്‍ഷിപ്പിലൂടെയും സദസ്സ് നടത്താന്‍ ആവശ്യമായ തുക കണ്ടെത്താനാണ് നിര്‍ദേശം.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കേരളം ചുറ്റിയ നവകേരള സദസ്സിന് പിന്നാലെയാണ് വികസന സദസ്സ് സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. ഉദ്ഘാടനത്തിനുശേഷം 20 മിനിറ്റില്‍ സംസ്ഥാന സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ കോര്‍ത്തിണക്കിയുള്ള വിഡിയോ പ്രസന്റേഷന്, 25 മിനിറ്റ് അതിദാരിദ്ര്യനിര്‍മാര്‍ജനം, ലൈഫ് മിഷന്, മാലിന്യമുക്ത നവകേരളം, ഗ്രാമീണ റോഡുകള്‍ തുടങ്ങിയ മേഖലയിലെ തദ്ദേശസ്ഥാപന നേട്ടങ്ങള്‍ എന്നിവയുണ്ടാവും. അവസാന ഒരുമണിക്കൂര്‍ ജനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആശയങ്ങളും സ്വീകരിക്കണം.
വികസന സദസ്സ് സംഘടിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് രണ്ടുലക്ഷം രൂപ വരെയും നഗരസഭകള്‍ക്ക് നാലുലക്ഷം രൂപ വരെയും കോര്‍പറേഷനുകള്‍ക്ക് ആറുലക്ഷം രൂപ വരെയും തനത് ഫണ്ട്, പ്ലാന്‍ ഫണ്ടില്‍ നിന്ന് ചെലവഴിക്കാം. മറ്റ് തുക സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താനാണ് നിര്‍ദേശം. സെപ്റ്റംബര്‍ 20ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന വികസന സദസ്സ് ഒക്ടോബര്‍ 20 വരെ നീളും. ഗ്രാമപഞ്ചായത്തില്‍ 250 മുതല്‍ 300 പേരെയും നഗരസഭകളില്‍ 750-1000 പേരെയും പങ്കെടുപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.