കൊച്ചി: തപാൽ ഉരുപ്പടികൾ രജിസ്റ്റർ ചെയ്ത് അയക്കാൻ തിങ്കളാഴ്ച മുതൽ ചെലവ് കൂടും. രജിസ്ട്രേഡ് തപാൽ സേവനത്തെ സ്പീഡ് പോസ്റ്റിൽ ലയിപ്പിച്ച കേന്ദ്രസർക്കാറിന്റെ നടപടിയാണ് ഉപഭോക്താക്കളുടെ കീശ ചോർത്താൻ വഴിയൊരുക്കുന്നത്. ഇനി മേൽവിലാസക്കാരന് മാത്രം ലഭിക്കാൻ രജിസ്ട്രേഡ് തപാൽ അയക്കാനും സ്പീഡ് പോസ്റ്റിനെ ആശ്രയിക്കണം.
‘രജിസ്ട്രേഷനോടുകൂടിയ സ്പീഡ് പോസ്റ്റ്’ ആണ് സെപ്റ്റംബർ ഒന്നിന് നിലവിൽ വരുന്നത്. ഫലത്തിൽ സ്പീഡ് പോസ്റ്റിന്റെയും രജിസ്ട്രേഡ് പോസ്റ്റിന്റെയും നിരക്കുകൾ ഉപഭോക്താവ് കൊടുക്കേണ്ടിവരും. നിലവിൽ സ്പീഡ് പോസ്റ്റിന് 41.30 രൂപയും രജിസ്ട്രേഡ് തപാലിന് 26 രൂപയുമാണ് അടിസ്ഥാനനിരക്ക്. അക്നോളജ്മെന്റ് സഹിതമുള്ള രജിസ്ട്രേഡ് തപാലിന് മൂന്നുരൂപ കൂടി അധികം നൽകണം. എന്നാൽ, രണ്ട് സേവനങ്ങളും ലയിപ്പിക്കുന്നതോടെ രജിസ്ട്രേഡ് തപാലിനെ സീപീഡ് പോസ്റ്റിന്റെ ‘ആഡ് ഓൺ’ (കൂട്ടിച്ചേർത്തത്) ആക്കുകയാണ്. അക്നോളജ്മെന്റിനുള്ള നിരക്ക് മൂന്നിൽനിന്ന് 10 രൂപയായി വർധിപ്പിച്ചു. ഉരുപ്പടിയുടെ ഭാരം അനുസരിച്ചാണ് രജിസ്ട്രേഡ് തപാലിന്റെ നിരക്കുകൾ തീരുമാനിക്കുന്നത്.
പുതിയ ഘടനയിലുള്ള നിരക്കുകൾ രജിസ്ട്രേഷൻ നിരക്കുകളുടെ പട്ടിക പുറത്തിറങ്ങാനിരിക്കുകയാണ്.
ചുരുക്കത്തിൽ 26 രൂപ അടിസ്ഥാന നിരക്കും (പരിധിക്കകത്തുള്ള ഭാരത്തിന്) മൂന്നുരൂപ അക്നോളജ്മെന്റിനും സഹിതം 29 രൂപക്ക് രജിസ്ട്രേഡ് തപാൽ അയച്ചവർ ഇനി 41.30 രൂപ സ്പീഡ് പോസ്റ്റ് നിരക്കും രജിസ്ട്രേഡ് തപാലിന് നിശ്ചയിക്കുന്ന പുതിയ നിരക്കും 10 രൂപ അക്നോളജ്മെന്റ് കാർഡിനും നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.