പത്തനംതിട്ട: മന്ത്രി വീണ ജോർജിനെ അനുകൂലിച്ച് പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്ന ‘ആറന്മുളയുടെ ചെമ്പട’യെന്ന ഫേസ്ബുക്ക് പേജിനെതിരെ, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗത്തിന്റെ പരാതിയിൽ കേസ്. ആർ. സനൽകുമാറിന്റെ പരാതിയിലാണ് തിരുവല്ല പുളിക്കീഴ് പൊലീസ് കേസെടുത്തത്.
വീണ ജോർജിനെ അനുകൂലിച്ചും സനൽകുമാറിനെതിരെ രൂക്ഷവിമർശനം ഉയർത്തിയും അടുത്തിടെ നിരവധി പോസ്റ്റുകളാണ് ‘ആറന്മുളയുടെ ചെമ്പട’യെന്ന ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്. ആറന്മുള സീറ്റ് ലക്ഷ്യമിട്ട് സനൽകുമാർ വീണ ജോർജിനെതിരെ നീക്കങ്ങൾ നടത്തുന്നുവെന്നായിരുന്നു പ്രധാന ആരോപണം. മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രിമാരായ സജി ചെറിയാൻ, വി.ശിവൻകുട്ടി, മുഖ്യമന്ത്രിയുടെ ഓഫിസ് എന്നിവരെ ടാഗ് ചെയ്താണ് സനല്‍കുമാറിനെതിരായ വിമർശനങ്ങൾ വന്നിരുന്നത്. ഇതിനുപിന്നാലെ സനൽകുമാർ തിരുവല്ല ഡിവൈ.എസ്.പിക്ക് പരാതി നൽകുകയായിരുന്നു.
‘കപ്പൽ മുങ്ങിയാലും കപ്പിത്താൻ ചത്താൽ മതി’ എന്ന തലക്കെട്ടോടെ പ്രചാരണം നടത്തി, സനൽകുമാർ ആരോഗ്യമന്ത്രിക്കെതിരാണെന്ന് ചിത്രീകരിച്ചു എന്നീ കുറ്റങ്ങളാണ് എഫ്.ഐ.ആറിൽ പറയുന്നത്. കലാപശ്രമം ഉൾപ്പെടെ വകുപ്പുകളും ഫേസ്ബുക്ക് പേജ് നിയന്ത്രിക്കുന്നവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.