കോഴിക്കോട്: ഷാഫി പറമ്പിൽ എം.പിയുമായി ഇടതു സംഘടന അനുകൂലികൾ വടകരയിൽ വാക്കേറ്റമുണ്ടായതിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതൃത്വത്തിന് നേരെ ഭീഷണിയുമായി സി.ഐ.ടി.യു രംഗത്ത്. അന്യായം തുറന്നുകാണിക്കുന്നവരെ കൈകാര്യം ചെയ്യാനാണ് കോൺഗ്രസ് ശ്രമമെങ്കിൽ കൈയും കെട്ടിയിരിക്കില്ലെന്ന് സി.ഐ.ടി.യുവിന്റെ ഔദ്യോഗിക ഫേസ്ബുക് ഹാൻഡിലിലെ കുറിപ്പിൽ പറയുന്നു. കോൺഗ്രസ് നേതൃത്വം അതിരുവിട്ട കളികൾ അവസാനിപ്പിച്ചില്ലെങ്കിൽ അക്രമികളെ കൈകാര്യം ചെയ്യാൻ തൊഴിലാളികൾ രംഗത്ത് വരുമെന്നും ഷാഫിയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും നിൽക്കുന്ന ചിത്രമുൾപ്പെടുത്തിയ പോസ്റ്റിൽ പറയുന്നു.
പ്രവൃത്തി ദൂഷ്യം തിരുത്തുന്നതിനുള്ള മര്യാദയും വിനയവും കാണിക്കുന്നതിന് പകരം പരാതിപ്പെടുന്നവരെയും, അന്യായം തുറന്നുകാണിക്കുന്നവരെയും കൈകാര്യം ചെയ്യാനാണ് കോൺഗ്രസ് ശ്രമമെങ്കിൽ കൈയും കെട്ടിയിരിക്കില്ല. കോൺഗ്രസ് നേതൃത്വം അതിരുവിട്ട കളികൾ അവസാനിപ്പിച്ചില്ലെങ്കിൽ നീതിക്ക് സുരക്ഷ ഒരുക്കുവാനും, അക്രമികളെ കൈകാര്യം ചെയ്യാനും തൊഴിലാളികൾ രംഗത്ത് വരും - സി.ഐ.ടി.യു
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഷാഫി പറമ്പില്‍ എം.പിയുടെ വണ്ടി തടഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. വടകര ടൗണില്‍ വച്ചാണ് വാഹനം തടഞ്ഞത്. പിന്നാലെ കാറില്‍നിന്ന് ഇറങ്ങി ഷാഫി പ്രതികരിച്ചു. വടകര അങ്ങാടിയില്‍നിന്ന് ആരെയും പേടിച്ച് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും താന്‍ ഇവിടെതന്നെ കാണുമെന്നും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരോട് ഷാഫി പറഞ്ഞു. ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെ ഷാഫി പിന്തുണക്കുന്നുവെന്ന് പറഞ്ഞാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധം സംഘടിപ്പിച്ചത്.
രാഹുലിനെതിരെ സംഘടനാതലത്തിൽ നടപടിയെടുക്കുകയും ആരോപണവിധേയരായ സി.പി.എം നേതാക്കളെ സംരക്ഷിക്കുന്നതിൽ മുഖ്യമന്ത്രിക്കെതിരെ പ്രത്യാക്രമണം നടത്തിയും കോൺഗ്രസ് രംഗത്തുവന്നതോടെ പ്രതിരോധത്തിലായ സി.പി.എം നേതാക്കളും പ്രവർത്തകരും ഷാഫി പറമ്പിലിനെ ഉന്നംവെച്ച് പ്രചാരണം കൊഴുപ്പിച്ചു. ഇതിന്റെ തുടർച്ചയായാണ് ബുധനാഴ്ച വടകരയിൽ ഒരുചടങ്ങിൽ പങ്കെടുത്ത് പുറത്തിറങ്ങിയ ഷാഫിയെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയുടെ തുടക്കത്തിൽതന്നെ ഷാഫിയെയും ചേർത്തായിരുന്നു സൈബർ ഇടങ്ങളിൽ സി.പി.എം പ്രചാരണം. പ്രശ്നം പുകഞ്ഞുനിന്ന അവസ്ഥയിൽ ബിഹാറിൽ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയിൽ പങ്കെടുക്കാൻ പോയ ഷാഫി പ്രശ്നത്തിൽനിന്ന് തലയൂരാൻ രക്ഷപ്പെട്ടതാണെന്ന പ്രചാരണവുമുണ്ടായി.
മണ്ഡലത്തിൽ തിരിച്ചെത്തിയ ശേഷം നടന്ന പൊതുപരിപാടി കഴിഞ്ഞിറങ്ങുമ്പോഴാണ് ആസൂത്രിതമായ തടയൽ ഉണ്ടായത്. ഡി.വൈ.എഫ്.ഐ പ്രവർത്തകർ എം.പിയുടെ കാർ തടഞ്ഞ് അസഭ്യവർഷം നടത്തി പാഞ്ഞടുത്തിട്ടും പൊലീസ് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ ശക്തമായ നടപടിയെടുത്തില്ല. ഇതോടെ കാറിൽനിന്ന് ഇറങ്ങി ഷാഫിതന്നെ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് ജില്ല യു.ഡി.എഫ് പ്രതിഷേധവുമായി തെരുവിലിറങ്ങി. വടകര മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുംവിധം പ്രകടനങ്ങൾ അരങ്ങേറി. മുസ്ലിം ലീഗ് ജില്ല കമ്മിറ്റിയും ശക്തമായി പ്രതിഷേധിച്ചു. പ്രശ്നം കൈവിട്ടെന്ന് മനസ്സിലായ ഡി.വൈ.എഫ്.ഐ നേതാക്കൾ പിന്നീട് ഷാഫിയെ തടയാൻ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തുവന്നെങ്കിലും ഷാഫിയെ വഴിതടഞ്ഞത് വിനയായെന്ന വിലയിരുത്തലിലാണ് സി.പിഎം. വിഷയത്തിൽ സി.പി.എം ജില്ല കമ്മിറ്റി ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.