കോഴിക്കോട്: വയനാട് താമരശ്ശേരി ചുരം പാതക്ക് ബദലായി മലയോര ജനതയും സഞ്ചാരികളും ഏറെനാളായി കാത്തിരിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി ഇരട്ട തുരങ്കപാതയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
വയനാട് തുരങ്കപാത എന്നത് പ്രതിബന്ധങ്ങളെ മറികടന്നുള്ള പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പലരും നടക്കില്ലെന്ന കരുതിയത് സർക്കാർ നടപ്പാക്കും. കേന്ദ്ര സർക്കാരിൽ നിന്നുണ്ടായത് ദുരനുഭവങ്ങൾ മാത്രമാണ്. വികസനപദ്ധതികൾ ഏറ്റെടുക്കുമ്പോൾ അതിനെ തകർക്കാൻ ശ്രമിച്ചു. തുരങ്കപാത മലബാറിന്റെ വികസനത്തിന് കുതിപ്പാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആനക്കാംപൊയിൽ സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ചടങ്ങിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി.എ. മുഹമ്മദ് റിയാസ് എ.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു, പ്രിയങ്ക ഗാന്ധി എം.പി, എം.എൽ.എമാരായ ലിന്റോ ജോസഫ്, ടി. സിദ്ദീഖ്, കോഴിക്കോട് ജില്ല കലക്ടർ സ്നേഹിൽകുമാർ സിങ് തുടങ്ങിയവർ പങ്കെടുത്തു.
കോഴിക്കോട് ജില്ലയിൽ 3.15 കിലോമീറ്ററും വയനാട് ജില്ലയിൽ 5.58 കിലോമീറ്ററുമായി 8.73 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം. ഇരട്ട തുരങ്കപാതയുടെ നിർമാണം നാല് വർഷം കൊണ്ട് പൂർത്തിയാകും. യാഥാർഥ്യമായാൽ രാജ്യത്തെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയാവും ഇത്.
മറിപ്പുഴ (കോഴിക്കോട്) മുതൽ മീനാക്ഷി പാലം (വയനാട്) വരെ അപ്രോച്ച് റോഡ് ഉൾപ്പെടെ 8.73 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാതയുടെ 8.11 കിലോമീറ്റർ ദൂരം ഇരട്ട തുരങ്കങ്ങളാണ്. പദ്ധതിയിൽ ഇരുവഴഞ്ഞിപ്പുഴക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റ് മൂന്ന് ചെറുപാലങ്ങളും ഉൾപ്പെടും. ആറ് വളവുകളുള്ള റൂട്ടിൽ ഓരോ 300 മീറ്ററിലും ഇരട്ട തുരങ്കങ്ങളെ ബന്ധിപ്പിക്കുന്ന പാതയും (ക്രോസ് പാസേജ്) ഉണ്ടാവും.
പദ്ധതിക്കായി 33 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 5771 മീറ്റർ വനമേഖലയിലൂടെയും 2964 മീറ്റർ സ്വകാര്യഭൂമിയിലൂടെയുമാണ് തുരങ്കപാത കടന്നുപോകുന്നത്. പദ്ധതി പൂർത്തിയായാൽ കോഴിക്കോട്-വയനാട് ഗതാഗതം സുഗമമാവുമെന്നാണ് വിലയിരുത്തൽ. യാത്രാസമയം കുറയുകയും വിനോദസഞ്ചാര-വ്യാപാര മേഖലകൾക്ക് തുരങ്കപാത ഉണർവ് ലഭിക്കുമെന്നും കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.