തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ സർക്കാറിന് മേൽക്കൈ ഉറപ്പാക്കുന്ന നിലയിലുള്ള കരട് ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. ഓർഡിനൻസ് വിളംബരം ചെയ്യാൻ ഗവർണറോട് ശിപാർശ ചെയ്യാനും തീരുമാനിച്ചു. 2018ലെ യു.ജി.സി ചട്ടങ്ങൾക്കും സമീപകാലത്തുണ്ടായ കോടതി ഉത്തരവുകൾക്കും അനുസൃതമായാണ് ഭേദഗതിയെന്ന് സർക്കാർ വിശദീകരിച്ചു. സർവകലാശാല നിയമത്തിലെ 11ാം വകുപ്പിന്റെ (3), (4), (6) ഉപവകുപ്പുകളിലാണ് ഭേദഗതി. മൂന്നാം ഉപവകുപ്പിലാണ് വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ ഘടന നിർദേശിക്കുന്നത്. നിലവിൽ ചീഫ് സെക്രട്ടറി കൺവീനറായുള്ള അഞ്ചംഗ സെർച്ച് കമ്മിറ്റിയാണുള്ളത്.
സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ നാമനിർദേശം ചെയ്യുന്ന പ്രതിനിധി കൺവീനറായ അഞ്ചംഗ കമ്മിറ്റിയെയാണ് ഭേദഗതിയിലൂടെ നിർദേശിക്കുന്നത്. ഇതിനുപുറമേ ചാൻസലറുടെ പ്രതിനിധി, യു.ജി.സി പ്രതിനിധി, സർവകലാശാല ബോർഡ് ഓഫ് ഗവേണേഴ്സ് പ്രതിനിധി, കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ നാമനിർദേശം ചെയ്യുന്ന പ്രതിനിധി എന്നിവരുമുണ്ടാകും. നിലവിൽ സർവകലാശാല നിയമപ്രകാരം ചീഫ് സെക്രട്ടറിക്ക് പുറമെ ഇലക്ട്രോണിക്സ്-വിവരസാങ്കേതികവിദ്യ വ്യവസായ രംഗത്തുനിന്നുള്ള വിദഗ്ധൻ, സർവകലാശാല ബോർഡ് ഓഫ് ഗവേണേഴ്സ് തെരഞ്ഞെടുക്കുന്ന പഠന-ഗവേഷണ രംഗത്തുള്ള വിദഗ്ധൻ, യു.ജി.സി പ്രതിനിധി, സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്യുന്നയാൾ എന്നിങ്ങനെയാണ് സെർച്ച് കമ്മിറ്റി ഘടന.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വി.സി നിയമനത്തിന് നടപടികൾ തുടങ്ങാൻ സർക്കാറിനും ചാൻസലർക്കും സുപ്രീംകോടതി നിർദേശം നൽകിയ സാഹചര്യത്തിൽകൂടിയാണ് സെർച്ച് കമ്മിറ്റിയുടെ ഘടന യു.ജി.സി ചട്ടങ്ങൾക്കും കോടതിവിധികൾക്കുമനുസൃതമാക്കാൻ തീരുമാനിച്ചത്. സർക്കാറുമായോ സർവകലാശാലയുമായോ നേരിട്ട് ബന്ധമുള്ളവർ സെർച്ച് കമ്മിറ്റികളിൽ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവുകളുണ്ട്.
ഡിജിറ്റൽ സർവകലാശാല വി.സിയായി നിയമിക്കപ്പെടുന്നയാൾക്ക് 61 വയസ് കവിയാൻ പാടില്ലെന്നാണ് ആറാം ഉപവകുപ്പിലെ വ്യവസ്ഥ. ഇത് 65 വയസാക്കുന്നതാണ് മറ്റൊരു ഭേദഗതി. സെർച്ച് കമ്മിറ്റി സമർപ്പിക്കുന്ന പാനലിൽനിന്ന് ഭൂരിപക്ഷം അംഗങ്ങൾ നിർദേശിക്കുന്നയാളെ വി.സിയായി ചാൻസലർക്ക് നിയമിക്കാമെന്നതാണ് നാലാം ഉപവകുപ്പിൽ കൊണ്ടുവരുന്ന ഭേദഗതി. ഓർഡിനൻസിൽ ഗവർണർ ഒപ്പുവെക്കുമോ എന്നതും നിർണായകമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ വരുന്ന സർവകലാശാലകളിലെ വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റികളുടെ ഘടന സർക്കാറിന് മേൽക്കൈ ലഭിക്കുംവിധം ഭേദഗതി ചെയ്ത് നിയമസഭ ബില്ല് പാസാക്കിയെങ്കിലും മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.