കൊല്ലം: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിൽ കരുതൽ തടങ്കലിലാക്കിയ പ്രതി കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ നിന്നു നാടകീയമായി രക്ഷപ്പെട്ടു. കിളികൊല്ലൂർ കല്ലുംതാഴം വയലിൽ പുത്തൻവീട്ടിൽ അജു മൻസൂർ (26) ആണ് ചൊവ്വാഴ്ച രാത്രിയിൽ പോലീസ് സ്റ്റേഷനിൽ നിന്നു രക്ഷപ്പെട്ടത്.
പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ എൻ.ഡി.പി.എസ് ആക്റ്റ് (PIT NDPS) പ്രകാരം അജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി പിറ്റിന്റെ ഔദ്യോഗിക ഫോമുകളിൽ ഒപ്പിടുന്നതിനിടെയാണ് പ്രതി സ്റ്റേഷനിൽനിന്ന് പൊലീസിനെ വെട്ടിച്ച് പുറത്തിറങ്ങി ഓടിയത്.
സ്റ്റേഷനു മുൻവശത്ത് കാത്തുനിന്ന ഭാര്യ ബിന്‍ഷയുടെ സ്‌കൂട്ടറില്‍ പ്രതി ചാടിക്കയറുകയും ദ്രുതഗതിയിൽ സ്റ്റേഷനു മുന്നിലെ റോഡ് വഴി രക്ഷപ്പെടുകയും ചെയ്തു. ബിന്‍ഷയും എം.ഡി.എം.എ കേസിൽ നേരത്തെ പിടിയിലായ വ്യക്തിയാണെന്ന് പൊലീസ് പറഞ്ഞു. കൊല്ലം നഗരത്തില്‍ കോളജ് വിദ്യാർഥികളെ കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് ദമ്പതികള്‍ എന്നാണ് വിവരം. സംഭവത്തിൽ പൊലീസ് രാത്രി വ്യാപക തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.