കോഴിക്കോട്: ജില്ലയിൽ വൈദ്യുതാഘാത അപകടങ്ങളും മരണങ്ങളും വർധിക്കുന്നു. 2024-25 സാമ്പത്തിക വർഷം 45 വൈദ്യുതാഘാത അപകടങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ, ഈ സാമ്പത്തിക വർഷാരംഭം മുതൽ 12 അപകടങ്ങളാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അപകടങ്ങളിൽ 11 മനുഷ്യജീവനുകൾ അപഹരിക്കപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. ഒരു പശുവും വൈദ്യുതാഘാതമേറ്റ് മരിച്ചു.
അപകടം കൂടുതലും നടക്കുന്നത് വീടുകളിലും സ്ഥാപനങ്ങളിലുമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഈ സാമ്പത്തിക വർഷം നടന്ന അപകടങ്ങളിൽ ഏഴും ഉപഭോക്താക്കളുടെ സ്ഥാപനങ്ങളിലാണ്. കെ.എസ്.ഇ.ബി ലൈനുമായി ബന്ധപ്പെട്ട് അഞ്ച് അപകടങ്ങളുമുണ്ടായി.
ലൈൻ പൊട്ടിവീണാണ് മൂന്നുപേർ മരിച്ചത്. കെ.എസ്.ഇ.ബിയുടെ ഒരു കാരാർ ജീവനക്കാരനും ഈ വർഷം വൈദ്യുതാഘാതമേറ്റ് മരിച്ചതിൽ ഉൾപ്പെടും. വൈദ്യുതാഘാതങ്ങൾ വർധിച്ചുവരുന്നതായി കെ.എസ്.ഇ.ബി അധികൃതരും വ്യക്തമാക്കുന്നു. വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതാഘാത സാധ്യതകൾ പ്രതിരോധിക്കുന്ന റെസിഡ്വൽ കറന്റ് സർക്യൂട്ട് ബ്രേക്ക് (ആർ.സി.സി.ബി) അടക്കമുള്ള സ്ഥാപിക്കാത്തതും സർക്കാർ നിർദേശിക്കുന്ന ഗുണനിലവാരമില്ലാത്തവ സ്ഥാപിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നതായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ചൂണ്ടിക്കാട്ടി.
വീടുകളിലും സ്ഥാപനങ്ങളിലും ആർ.സി.സി.ബി ഘടിപ്പിക്കുന്നതും കൃത്യമായി പരിപാലിക്കുന്നതും ഷോർട്ട് സർക്യൂട്ട് പോലുള്ള അപകടങ്ങൾ ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കും. 2024-25 സാമ്പത്തിക വർഷം 19 പേരാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 11 വളർത്തു മൃഗങ്ങൾക്കും ജീവഹാനി സംഭവിച്ചിരുന്നു. 2022-23ൽ ആകെ എട്ട് പേർ മാത്രമായിരുന്നു വൈദ്യുതാഘാതമേറ്റ് മരിച്ചത്. എന്നാൽ, പിന്നീടുള്ള വർഷങ്ങളിൽ ഇത് കുതിച്ചുയരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.