തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പാചകത്തൊഴിലാളികളുടെ വിരമിക്കൽ പ്രായം 65 ആക്കും. സ്കൂൾ പാചകത്തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിരമിക്കൽ ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ട്രേഡ് യൂനിയനുകൾ രേഖാമൂലം അഭിപ്രായം നൽകാൻ നിർദേശിച്ചു. എല്ലാ മാസവും അഞ്ചിന് മുമ്പ് ഓണറേറിയം നൽകുന്ന വിഷയം ധനമന്ത്രിയുമായി ചർച്ച ചെയ്ത് പരിഹരിക്കും.
കേന്ദ്ര വിഹിതം ലഭിച്ചില്ലെങ്കിലും സംസ്ഥാന വിഹിതം വിതരണം ചെയ്യും. പാചകത്തൊഴിലാളികളുടെ എണ്ണം 300 കുട്ടികൾക്ക് ഒരാൾ എന്ന അനുപാതത്തിലാക്കുന്നത് സംബന്ധിച്ച് പഠന റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. നിലവിൽ 500:1 ആണ്. ഇത് മാറ്റണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. പാചകത്തൊഴിലാളികൾക്ക് യൂനിഫോമും തിരിച്ചറിയൽ കാർഡും നൽകും.
അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ലേബർ കമീഷണറെയും മിനിമം വേജസിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുനഃപരിശോധിക്കാൻ ലേബർ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. യോഗത്തിൽ ടി.പി. രാമകൃഷ്ണൻ എം.എൽ.എ, ലേബർ സെക്രട്ടറി ഡോ. കെ. വാസുകി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, ലേബർ കമീഷണർ ഷഫ്ന നസുറുദ്ദീൻ, പൊതുവിദ്യാഭ്യാസ അഡീഷനൽ സെക്രട്ടറി ഡോ. എസ്. ചിത്ര, വിവിധ തൊഴിലാളി സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.