വയനാട് ഉരുൾ​ ദുരന്തമുണ്ടായ സ്ഥലം

വയനാട് ഉരുൾ ദുരന്തം: ജീവഹാനി നാനൂറിലധികമെന്ന് പഠനറിപ്പോർട്ട്

കോഴിക്കോട്: മുണ്ടക്കൈ ഉരുൾ ദുരന്തത്തിൽ ജീവഹാനി നാനൂറിലധികമെന്ന് പഠനറിപ്പോർട്ട്. ഏഴായിരത്തിലധികം പേർ ദുരന്തത്തെത്തുടർന്ന് കുടിയൊഴിപ്പിക്കപ്പെട്ടെന്നും ഐ.ഐ.എം കോഴിക്കോട്, എൻ.ഐ.ടി കോഴിക്കോട്, ഐ.ഐ.ടി ബോംബെ, ജപ്പാനിലെ കിയോ യൂനിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങൾ ചേർന്ന് നടത്തിയ പഠനറിപ്പോർട്ട് വ്യക്തമാക്കുന്നു.

കാലാവസ്ഥ പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഐ.ഐ.എമ്മിൽ നടന്ന ശിൽപശാലയിൽ റിപ്പോർട്ട് പ്രകാശനം ചെയ്തു. വയനാട്ടിലെ ഉരുൾദുരന്തത്തിനുശേഷം നാല് സ്ഥാപനങ്ങൾ ചേർന്ന് പ്രദേശം സന്ദർശിച്ചും വിവരശേഖരണം നടത്തിയും തയാറാക്കിയ പഠനത്തിൽ കേരളത്തിലെ മലയോര ആവാസ കേന്ദ്രങ്ങൾ അഭിമുഖീകരിക്കുന്ന ദൗർബല്യങ്ങൾ തുറന്നുകാണിക്കുന്നുണ്ട്. കിയോ യൂനിവേഴ്സിറ്റിയിലെ പ്രഫ. രാജീബ് ഷായുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.

ഇന്ത്യ-ജപ്പാൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശിൽപശാലയിൽ ഇന്ത്യയിലെയും ജപ്പാനിലെയും വിദഗ്ധർ പ​ങ്കെടുക്കുന്നുണ്ട്. കോർപറേഷൻ മേയർ ഡോ. ബീനാ ഫിലിപ്പ്, ഐ.ഐ.എം കോഴിക്കോട് ഡയറക്ടർ പ്രഫ. ദേബാശീസ് ചാറ്റർജി, എൻ.ഐ.ടി കോഴിക്കോട് ഡയറക്ടർ പ്രഫ. പ്രസാദ് കൃഷ്ണ എന്നിവർ ചേർന്ന് ശിൽപശാല ഉദ്ഘാടനം ചെയ്തു. പ്രഫ. രാജീബ് ഷാ (കിയോ യൂനിവേഴ്സിറ്റി), പ്രഫ. സാകിക്കോ കൻബാറ (കോബി സിറ്റി കോളജ് ഓഫ് നഴ്സിങ്), പ്രഫ. അനുപം ദാസ് (ഐ.ഐ.എം കോഴിക്കോട്), പ്രഫ. മുഹമ്മദ് ഫിറോസ് (എൻ.ഐ.ടി കോഴിക്കോട്), പ്രഫ. കെ.എസ്. സജിൻ കുമാർ (കേരള യൂനിവേഴ്സിറ്റി), പ്രഫ. ഷൈനി അനിൽകുമാർ (എൻ.ഐ.ടി കോഴിക്കോട്) എന്നിവർ പ​ങ്കെടുത്തു

Tags:    
News Summary - Wayanad landslide disaster: Study report says death toll exceeds 400

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.