തിരുവനന്തപുരം: മാധ്യമസ്വാതന്ത്ര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കേരള മീഡിയ അക്കാദമിയുടെ മാധ്യമപ്രതിഭ സംഗമവും ഫെലോഷിപ് വിതരണവും നവീകരിച്ച വെബ്സൈറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ചെറിയ കാര്യങ്ങൾപോലും പ്രാധാന്യത്തോടെ അവതരിപ്പിക്കാൻ മാധ്യമങ്ങൾക്ക് അവസരം ലഭിക്കാറുണ്ട്. ഈ സ്വാതന്ത്ര്യത്തെ ആരും തടയില്ല. മറ്റ് സംസ്ഥാനങ്ങളിൽ സ്ഥിതി മറിച്ചാണ്.
ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം കേരളത്തിന്റെ വിശാലമായ കാഴ്ചപ്പാടിലൂടെയല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാണുന്നത്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞ സംഭവവുമുണ്ടായി. ജനാധിപത്യത്തിൽ മാധ്യമങ്ങൾ ശക്തമായി നിൽക്കണമെന്ന അഭിപ്രായമാണ് കേരള സർക്കാറിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. മെട്രോ റെയിൽ നിർമാണം കാരണം കേരള മീഡിയ അക്കാദമി കെട്ടിടം നഷ്ടപ്പെടുന്നതിനാൽ പുതിയ കെട്ടിട നിർമാണത്തിന് അടിയന്തര സഹായവും പിന്തുണയുമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2024-25 വർഷത്തെ ഫെലോഷിപ്പിന് അർഹരായവർക്കും കോവിഡ് കാലത്ത് ചടങ്ങുകൾ നടക്കാതിരുന്നതിനാൽ മാറ്റിവെച്ച 2019-20 വർഷത്തെ ഫെലോഷിപ് ജേതാക്കൾക്കുള്ള ഫലകവും വാർത്താവതരണ മത്സര വിജയികൾക്കുള്ള കാഷ് അവാർഡും മന്ത്രി സമ്മാനിച്ചു.
‘മാധ്യമം’ സീനിയർ സബ് എഡിറ്റർമാരായ ഫഹീം ചമ്രവട്ടം, അനുശ്രീ, എസ്. അനിത, സീനിയർ ഫോട്ടോഗ്രാഫർ ബൈജു കൊടുവള്ളി എന്നിവർ ഫെലോഷിപ് ഏറ്റുവാങ്ങി. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഇ.എസ്. സുഭാഷ്, കേരള പത്രപ്രവർത്തക യൂനിയൻ ജില്ല പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ, കേരള ഗവർണറുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി പി. ശ്രീകുമാർ, കാർട്ടൂണിസ്റ്റ് എൻ.ബി. സുധീർനാഥ് എന്നിവർ സംസാരിച്ചു. അക്കാദമി സെക്രട്ടറി അനിൽ ഭാസ്കർ സ്വാഗതവും ജനറൽ കൗൺസിൽ അംഗം സുരേഷ് വെള്ളിമംഗലം നന്ദിയും പറഞ്ഞു. ഇതിനോടനുബന്ധിച്ച് നടന്ന ശിൽപശാലയിൽ ഡോ. പി.കെ. രാജശേഖരൻ, ഡോ. ജേക്കബ് പുന്നൂസ്, ഡോ. മീന ടി. പിള്ള, എ.ഐ സ്പെഷലിസ്റ്റ് ഷിജു സദൻ എന്നിവർ ക്ലാസുകൾ നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.