ഷാജുദ്ദീൻ
തൃശൂർ: 1994 ഡിസംബർ നാലിന് ആർ.എസ്.എസ് പ്രവർത്തകൻ തൊഴിയൂർ സുനിലിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതി വാടാനപ്പള്ളി അഞ്ചങ്ങാടി സ്വദേശി ഷാജുദ്ദീൻ എന്ന ഷാജുവിനെ (55) തൃശൂർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ‘ജംഇയ്യതുൽ ഇഹ്സാനിയ’ എന്ന തീവ്രവാദ സംഘടനയുടെ പ്രധാന പ്രവർത്തകനായ ഷാജുദ്ദീനെ ജൂലൈ 20ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നാണ് പിടികൂടിയത്. വിദേശത്ത് ജോലി ചെയ്തിരുന്ന ഷാജുദ്ദീൻ നാട്ടിലെത്തി മടങ്ങുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. തെളിവെടുപ്പും തിരിച്ചറിയൽ പരേഡും പൂർത്തിയായി. തൃശൂർ സബ് ജയിലിൽ റിമാൻഡിലാണുള്ളത്.
ഒമ്പതുപേർ പ്രതികളായ കേസിൽ ഇതോടെ ആറുപേർ പിടിയിലായി. ചേകന്നൂർ മൗലവി തിരോധാന കേസിലെ മുഖ്യപ്രതിയും കേസിലെ ഒന്നാം പ്രതിയുമായ സെയ്തലവി അൻവരി, നാലാം പ്രതി നവാസ് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ഒരു പ്രതി മരിച്ചിരുന്നു.
കേസിൽ സി.പി.എം പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകനും ഉൾപ്പെടെ ഒമ്പതു പേരെ പ്രതി ചേർത്താണ് ഗുരുവായൂർ പൊലീസ് നേരത്തേ കേസ് എടുത്തിരുന്നത്. നാലുപേരെ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് തടവ് റദ്ദാക്കുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ‘ജംഇയ്യതുൽ ഇഹ്സാനിയ’ സംഘടനയുടെ ഒമ്പതു പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായത്.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.എം. മനോജ്, ഡിറ്റക്ടിവ് എസ്.ഐ തോംസൺ ആന്റണി, എസ്.ഐ പ്രേമൻ, എ.എസ്.ഐ അജിത് നായർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുധീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്യായമായി അറസ്റ്റ് ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത ബിജി, റഫീഖ്, ഹരിദാസ്, ബാബുരാജ് എന്നിവർക്ക് ഏതാനും ആഴ്ച മുമ്പ് സംസ്ഥാന സർക്കാർ അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഹരിദാസ് പൊലീസ് മർദനത്തെ തുടർന്ന് ക്ഷയരോഗബാധിതനായി 10 വർഷം മുമ്പ് മരിച്ചിരുന്നു.
തൃശൂർ: തൊഴിയൂർ സുനിൽ വധക്കേസിലെ മൂന്നാം പ്രതി ഷാജുദ്ദീനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത് 24 വർഷം മുമ്പ് ജോലിക്കുള്ള അപേക്ഷക്ക് നൽകിയ ബയോഡേറ്റയിൽനിന്ന്. 2001ൽ വിദേശത്ത് ജോലിക്ക് നൽകിയ അപേക്ഷക്കൊപ്പം സമർപ്പിച്ച ബയോഡേറ്റയിൽനിന്ന് ലഭിച്ച പാസ്പോർട്ട് നമ്പറും ഫോട്ടോയുമാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതി ഗൾഫിലേക്ക് തിരിച്ചുപോകുന്നതിന് മൂന്നു ദിവസം മുമ്പ് മാത്രമാണ് വിമാനത്താവളത്തിൽ ലുക്കൗട്ട് നോട്ടീസ് നൽകിയത്. ജൂലൈ 20ന് തിരികെ പോകാൻ എത്തുമ്പോൾ പിടിയിലാകുകയുമായിരുന്നു. 1991ൽ പാസ്പോർട്ട് എടുത്തിരുന്ന ഷാജുദ്ദീൻ, 1995ലാണ് ഗൾഫിലേക്കു പോയത്. സൗദി അറേബ്യ, ഒമാൻ, യു.എ.ഇ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. 2005, 2011, 2021 വർഷങ്ങളിൽ വിദേശത്തുനിന്നാണ് പാസ്പോർട്ട് പുതുക്കിയത്.
സ്കൂളിലെയും നാട്ടിലെയും വിലാസങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിട്ടും കണ്ടെത്താനാകാതെ വന്ന സമയത്താണ് ബയോഡേറ്റയിൽനിന്ന് വിവരം ലഭിക്കുന്നത്. നാട്ടിലെത്തിയ പ്രതി സ്വന്തം വീട്ടിൽ എത്തുകയോ ഭാര്യയെയും മക്കളെയും കാണുകയോ ചെയ്തിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റു സ്ഥലങ്ങളിലാണ് താമസിച്ചിരുന്നത്. ജംഇയ്യതുൽ ഇഹ്സാനിയ അംഗങ്ങൾ പ്രതികളായ മറ്റു കൊലപാതകക്കേസുകളിൽ ഷാജുദ്ദീൻ പ്രതിയല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
1998ൽ ഹൈകോടതി പുനരന്വേഷണത്തിന് നിർദേശിച്ചെങ്കിലും 19 വർഷത്തിനുശേഷം 2017ൽ പിണറായി വിജയൻ സർക്കാറാണ് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്. ഇവർ നടത്തിയ അന്വേഷണത്തിൽ രണ്ടാം പ്രതി വാടാനപ്പള്ളി സ്വദേശി യൂസുഫലി, അഞ്ചാം പ്രതി പള്ളം സ്വദേശി സലീം, ആറാം പ്രതി ചാവക്കാട് സ്വദേശി മൊയ്നുദ്ദീൻ, ഏഴാം പ്രതി ദേശമംഗലം സ്വദേശി സുലൈമാൻ, ഒമ്പതാം പ്രതി മലപ്പുറം കൊളത്തൂർ സ്വദേശി ഉസ്മാൻ എന്നിവരെ 2019ൽ അറസ്റ്റ് ചെയ്തിരുന്നു. ഇവർ ജാമ്യത്തിലാണ്.
ഒന്നാം പ്രതിയും കുളത്തൂർ സ്വദേശിയുമായ സൈതലവി അൻവരി 1997ൽ വ്യാജ പാസ്പോർട്ടിൽ രാജ്യം വിട്ടുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 1994ൽ നടന്ന സുനിൽ വധത്തിൽ അന്നുതന്നെ കൃത്യമായ അന്വേഷണം നടന്നിരുന്നെങ്കിൽ ‘ജംഇയ്യതുൽ ഇഹ്സാനിയ’ പ്രവർത്തകർ പ്രതികളായ അഞ്ചു കൊലപാതകങ്ങൾ ഒഴിവാക്കപ്പെടുമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.