മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ ആദ്യ വിമാനാപകടത്തിന് വ്യാഴാഴ്ച അഞ്ചാണ്ട് തികയുമ്പോഴും ജീവിതം തിരിച്ചുപിടിക്കാനായുള്ള പോരാട്ടത്തിലാണ് ദുരന്തബാധിതർ. 2020 ആഗസ്റ്റ് ഏഴിന് രാത്രിയായിരുന്നു നാടിനെ നടുക്കിയ വിമാനദുരന്തം. കോവിഡ് കാലത്ത്, വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബൈയിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ട് റൺവേയിൽ കിഴക്കുഭാഗത്ത് ലാൻഡിങ്ങിനിടെ തെന്നി താഴ്ചയിലേക്ക് പതിച്ച് മൂന്നായി പിളരുകയായിരുന്നു. രണ്ടു പൈലറ്റുമാർ ഉൾപ്പെടെ 21 പേർ ദുരന്തത്തിൽ മരിക്കുകയും 168 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റവരിൽ 65 പേർ പൂർണ ആരോഗ്യസ്ഥിതിയിലേക്ക് തിരിച്ചുവന്നിട്ടില്ല. തുടർ ശസ്ത്രക്രിയകൾക്കു വിധേയരാകേണ്ട അവസ്ഥയിലാണ് ഇവരിൽ പലരും. വീൽചെയറിലാണ് ഇവരുടെ ലോകം. ആരോഗ്യപ്രശ്നങ്ങൾമൂലം ഒരു ജോലിക്കും പോകാൻ കഴിയാത്തവരും ഉപജീവനമാർഗങ്ങൾ അടഞ്ഞവരുമുണ്ട്. ഇൻഷുറൻസ് തുക ലഭിച്ചതോടെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇവരെ കൈയൊഴിയുകയും ചെയ്തു.
വിമാനാപകടശേഷം കേന്ദ്രവും കേരളവും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയിരുന്നു. എന്നാൽ, കേന്ദ്രം നൽകിയ 10 ലക്ഷം രൂപ ഇൻഷുറൻസ് തുക നൽകിയപ്പോൾ കുറച്ചു. സംസ്ഥാന സർക്കാർ വാഗ്ദാനംചെയ്ത സൗജന്യ ചികിത്സയും ഇൻഷുറൻസ് കിട്ടിയതോടെ അവസാനിച്ചു.
അപകടത്തിൽപെട്ടവർക്ക് 12 ലക്ഷം മുതൽ ഏഴര കോടി രൂപ വരെ ഇൻഷുറൻസ് ഇനത്തിൽ നഷ്ടപരിഹാരമായി ലഭിച്ചു. വീടിന്റെ ജപ്തിഭീഷണി മൂലം കോഴിക്കോട് സ്വദേശിനിയായ യാത്രികക്ക് 12 ലക്ഷം രൂപ എന്ന ധാരണക്ക് സമ്മതിക്കേണ്ടിവന്നു. നട്ടെല്ലിനുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ മൂലമുള്ള ചികിത്സക്ക് വകയില്ലാതെ വലയുകയാണ് ഇവരിപ്പോൾ.
ടി.വി. ഇബ്രാഹിം എം.എൽ.എ ചെയർമാനായുള്ള ആക്ഷൻ ഫോറത്തിന്റെ പ്രവർത്തനം വഴിയാണ് മികച്ച രീതിയിലുള്ള നഷ്ടപരിഹാരം ദുരന്തബാധിതർക്ക് ലഭിച്ചത്. എന്നിരുന്നാലും ഈ തുകയിൽ വലിയ പങ്കും ചികിത്സക്കായി ചെലവഴിച്ചവരാണ് പരിക്കേറ്റവരിൽ ഏറെയും.
കരിപ്പൂർ വിമാനാപകടത്തിന് അഞ്ചാണ്ട് തികയുമ്പോഴും ദുരന്തബാധിതരിൽ പലരും ദുരിതക്കടലിൽതന്നെയാണെന്ന് വിമാന ദുരന്തബാധിതരുടെ കൂട്ടായ്മയായ എം.ഡി.എഫ് കരിപ്പൂർ വിമാനാപകട ചാരിറ്റി ഫൗണ്ടേഷൻ പ്രസിഡന്റ് അബ്ദുറഹ്മാൻ ഇടക്കുനി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളിലും പരിക്കേറ്റവരിലും ആവശ്യമുള്ളവർക്ക് പുനരധിവാസവും തുടർ ചികിത്സയും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.