‘ഇടക്കിടെ മോദിയെ സ്തുതിക്കുന്നത് ശരിയായ നിലപാടല്ല’; ശശി തരൂരിനെതിരെ വീണ്ടും കെ. മുരളീധരന്‍

പള്ളുരുത്തി: ശശി തരൂര്‍ മോദി സ്തുതി നിര്‍ത്തി തെറ്റ് തിരുത്തിയാല്‍ ഉള്‍ക്കൊള്ളുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. മോദി സ്തുതി അവസാനിപ്പിക്കണം, ഇന്ദിര ഗാന്ധിയെ വിമര്‍ശിച്ചത് തിരുത്തണം. ഇടക്കിടെ മോദിയെ സ്തുതിക്കുന്നത് ശരിയായ നിലപാടല്ലെന്നും മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വിവാദ പ്രസ്താവനകളും മോദി സ്തുതിയും ലേഖനങ്ങളും കൊണ്ട് നിരന്തരം കോണ്‍ഗ്രസിന് തലവേദനയാകുന്ന ശശി തരൂരിനെതിരെ രൂക്ഷ വിമർശനമാണ് കെ. മുരളീധരൻ നടത്തുന്നത്. തലസ്ഥാനത്തെ പരിപാടികളില്‍ തരൂരിനെ പങ്കെടുപ്പിക്കില്ലെന്നാണ് മുരളീധരന്‍ മുമ്പ് പറഞ്ഞിരുന്നത്.

'അദ്ദേഹത്തിന്റെ കാര്യം വിട്ടു. തരൂര്‍ ഞങ്ങളുടെ കൂട്ടത്തില്‍ കൂടിയതായി കണക്കാക്കുന്നില്ല. നടപടി വേണമോയെന്ന് ദേശീയ നേതൃത്വം സ്വീകരിക്കട്ടെ. നിലപാട് തിരുത്താത്തിടത്തോളം കാലം തിരുവനന്തപുരത്ത് പാര്‍ട്ടിയിലെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല. അദ്ദേഹം ഇപ്പോള്‍ ഞങ്ങളുടെ കൂടെയില്ല.'- കെ. മുരളീധരന്‍ പറഞ്ഞു.

മുരളീധരന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ശശി തരൂരും രംഗത്തെത്തിയിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് അവർ അത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് മുരളീധരന്റെ പേര് നേരിട്ട് പരാമർശിക്കാതെ തരൂർ ചോദിച്ചു. അവരാരാണ്, എന്താണ് അവരുടെ പാർട്ടിയിലെ സ്ഥാനമെന്നും തരൂർ ചോദിച്ചു. തനിക്ക് അതേക്കുറിച്ച് അറിയാൻ താൽപര്യമുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു.

അതേസമയം, തരൂരിനെതിരെ രൂക്ഷ പ്രതികരണമാണ് രാജ്‌മോഹന്‍ ഉണ്ണിത്താനും നടത്തുന്നത്. തരൂർ കോണ്‍ഗ്രസിനെ കൊണ്ട് നേടാവുന്നതെല്ലാം നേടിയെന്നും പല തവണ ഹൈക്കമാന്‍ഡ് വിലക്കിയിട്ടും തരൂര്‍ പിന്നോട്ട് പോയില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

രാജ്യമാണ് വലുത് കോണ്‍ഗ്രസ് രണ്ടാമതെന്നാണ് തരൂരിന്റെ പുതിയ രീതി. ഇതോടെയാണ് തരൂരിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പടപ്പുറപ്പാട് തുടങ്ങിയത്. കോണ്‍ഗ്രസ് നശിക്കണമെന്ന് ആഗ്രഹിക്കുന്നവരോടൊപ്പം ആണ് ഇപ്പോള്‍ തരൂരെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.

Tags:    
News Summary - K. Muraleedharan again against Shashi Tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.