കണ്ണൂരിൽ പൊരിവെയിൽ, റെഡ് അലെർട്ട് പിൻവലിച്ചു​; മഴ മുന്നറിയിപ്പ് കാരണം സ്കൂളുകൾക്ക് അവധി

കണ്ണൂർ: കേന്ദ്ര കാലാവസ്ഥ വകുപ്പ് കണ്ണൂർ ജില്ലയിൽ ഇന്ന് പ്രവചിച്ച റെഡ് അലെർട്ട് പിൻവലിച്ചു. റെഡ് അലെർട്ടിനു പകരം ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. കണ്ണൂരിനൊപ്പം കാസർകോട്ടും ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചത്. 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് പുതിയ പ്രവചനം.

റെഡ് അലെർട്ട് പ്രഖ്യാപിച്ചതിനാൽ കാസർകോട് ജില്ലയിൽ ഇന്ന് പ്രഫഷനൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. കണ്ണൂർ ജില്ലയിൽ സ്കൂളുകൾ, അംഗൻവാടികൾക്കും ഇന്ന് അവധിയാണ്. മാഹി മേഖലയിലും അവധിയുണ്ട്.


റെഡ് അലെർട്ട് പ്രഖ്യാപിച്ച് അവധി നൽകിയെങ്കിലും ഇരു ജില്ലകളിലും പൊരിവെയിലാണ് ഇന്ന്. ആരാണ് കലക്ടർമാരെ പറഞ്ഞുപറ്റിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ അവധി നൽകിയതിനെ ട്രോളുന്നുണ്ട് ചിലർ. കലക്ടർമാരുടെ ഫേസ്ബുക്ക് പേജുകളിലെ കമന്റുകളിലും ഇത്തരം ട്രോളുകളുണ്ട്. മഴക്കാണോ അവധി, മഴയുടെ പൊടിപോലുമില്ല തുടങ്ങിയ കമന്റുകളാണുള്ളത്.

കണ്ണൂർ ജില്ലയിൽ ഇന്ന് 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നേരത്തേ അറിയിച്ചത്. ‘അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം’ തുടങ്ങി ഒട്ടേറെ നിർദേശങ്ങളും റെഡ് അലെർട്ട് കണക്കിലെടുത്ത് കലക്ടർമാർ മുന്നറിയിപ്പായി നൽകിയിരുന്നു.

Tags:    
News Summary - Red alert withdrawn in Kannur, Schools closed due to rain warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.