കുന്നംകുളം: സി.പി.എം മാളോർക്കടവ് ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകരായ നാലുപേരെ കുന്നംകുളം പൊലീസ് പിടികൂടി. വെസ്റ്റ് മങ്ങാട് പുളിഞ്ചോട് കുറുമ്പൂർ വീട്ടിൽ വിഷ്ണു (31), കോതോട്ട് വീട്ടിൽ അരുൺ (31), കരുമാംപാറ വീട്ടിൽ രാകേഷ് (35), മങ്ങാട് ഏറത്ത് വീട്ടിൽ ഡാഡു എന്ന ഗൗതം (30) എന്നിവരെയാണ് സി.ഐ ജയ പ്രദീപും സംഘവും അറസ്റ്റ് ചെയ്തത്. വെസ്റ്റ് മങ്ങാട് മാളോർക്കടവ് കുറുമ്പൂർ വീട്ടിൽ മിഥുൻ അജയഘോഷിനെ (32) വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്.
ഗൗതമിന്റെ പേരിൽ 12 കേസുകളും വിഷ്ണുവിന്റെ പേരിൽ നാലു കേസുകളും നിലവിലുണ്ട്. ഞായറാഴ്ച ഉച്ചയോടെ അമിതമായി ലഹരി ഉപയോഗിച്ചെത്തിയ ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ മാളോർക്കടവിലെ കോതോട്ട് കുടുംബക്ഷേത്രത്തിനു സമീപം കാരംസ് കളിക്കുകയായിരുന്ന നാലുപേരെ അസഭ്യംപറയുകയും ആക്രമിക്കുകയും ചെയ്തു. മിഥുന്റെ സഹോദരൻ മനീഷ് അടക്കമുള്ളവരെയാണ് സംഘം ആക്രമിച്ചത്. ഇതേ തുടർന്ന് ഇവർ തമ്മിൽ വാക്ക്തർക്കം നടക്കുകയും ആർ.എസ്.എസ് പ്രവർത്തകർ വീണ്ടും സംഘടിച്ചെത്തി ഇവരുടെ ബൈക്കുകൾ നശിപ്പിക്കുകയും ചെയ്തു.
ഇതേസമയം പ്രദേശത്ത് അൽപം മാറി സന്തോഷ് എന്ന യുവാവിന്റെ വീടിന് മുന്നിൽ സംസാരിച്ചുനിൽക്കുകയായിരുന്ന മിഥുൻ അജയഘോഷിനെ സംഘം വാളുകളുമായി ആക്രമിച്ചു. ഒഴിഞ്ഞുമാറുന്നതിനിടെ പിൻകഴുത്തിന് വെട്ടേറ്റതോടെ മിഥുൻ വീട്ടിലേക്ക് ഓടിക്കയറി. തുടർന്ന് വടിവാളുകളുമായി റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നു പേരെ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതിയെ പിന്നീട് വീട്ടിൽനിന്ന് പിടികൂടുകയായിരുന്നു.
മാസങ്ങൾക്കുമുമ്പ് പ്രദേശത്തെ മറ്റൊരു സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ വെട്ടിക്കടവ് സ്വദേശി ഷാജുവിന്റെ വീട്ടിലേക്ക് വടിവാളുകളുമായി ആക്രമിക്കാൻ എത്തിയ കേസിൽ ഗൗതമും വിഷ്ണുവും പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.