ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ ബീച്ചിനു സമീപം പെട്ടിക്കട ദേഹത്ത് വീണ് പെൺകുട്ടി മരിച്ചു. തിരുമല വാർഡ് രതീഭവൻ ജോഷി-ദീപാഞ്ജലി ദമ്പതികളുടെ മകൾ നിത്യ ജോഷി (18) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെ കാറ്റിൽ തട്ടുകട തകര്‍ന്നുവീണാണ് നിത്യയുടെ മരണം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കലവൂർ സ്വദേശി ആദർശിന് (24) പരിക്കേറ്റു.
ബീച്ചിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടപ്പോൾ രക്ഷപ്പെടാനായി പെട്ടിക്കടക്കു പിന്നിൽ കയറി നിൽക്കുകയായിരുന്നു ഇരുവരും. മഴയും കാറ്റും ശക്തമായതോടെ താൽക്കാലികമായി നിർമിച്ച കട മറിഞ്ഞുവീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ നിത്യയെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആദർശിനെ പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിത്യ പ്ലസ് ടു കഴിഞ്ഞ് നിൽക്കുകയായിരുന്നു. പിതാവ് ജോഷി അസുഖബാധിതനായി മരിച്ചിട്ട് ഏറെ നാളായിട്ടില്ല. നിഖിൽ സഹോദരനാണ്.
ആലപ്പുഴ: ജല ഗതാഗത വകുപ്പ് ജീവനക്കാരൻ കൈനകരി പഞ്ചായത്ത് 15ാം വാര്‍ഡ് കുപ്പപ്പുറം കുറ്റിക്കാട്ടുചിറ മുളമുറ്റം വീട്ടില്‍ ഓമനക്കുട്ടൻ (55) തോട്ടിൽ വീണ് മരിച്ചു. കൈനകരിയില്‍ കാല്‍നടയാത്രക്കിടെയാണ് വെള്ളത്തില്‍ വീണ് ഓമനക്കുട്ടൻ മരിച്ചത്. പനയ്ക്കല്‍ തോട്ടില്‍ കാര്‍ഗില്‍ ജെട്ടിക്കു സമീപമായിരുന്നു അപകടം.
മഴക്കോട്ട് ധരിച്ച് നടക്കുകയായിരുന്ന ഓമനക്കുട്ടന്‍ ശക്തമായ കാറ്റില്‍ തെറിച്ച് വെള്ളത്തിൽ വീഴുകയായിരുന്നു. തോടിന് മറുകര ഉണ്ടായിരുന്നവരാണ് സംഭവം ആദ്യം കണ്ടത്. അവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആലപ്പുഴയില്‍നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് കരക്കെത്തിച്ചത്. ഉടന്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്ക്കാരം ചൊവ്വാഴ്ച മൂന്നിന് വീട്ടുവളപ്പില്‍. ഭാര്യ യമുന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.