കണ്ണൂർ: തലശ്ശേരി ആർച് ബിഷപ്പ് ജോസഫ് പാംപ്ലാനി അവസരവാദിയെന്ന പരാമർശത്തിൽ ഉറച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അവസരവാദ നിലപാട് എടുക്കുന്നവരെ പിന്നെയെന്താണ് പറയുകയെന്നും അദ്ദേഹം ചോദിച്ചു. തന്നെ ഗോവിന്ദച്ചാമിയെന്ന് വിശേഷിപ്പിച്ചത് പറഞ്ഞയാളുടെ സംസ്കാരമാണെന്നും മറുപടി അർഹിക്കുന്നില്ലെന്നും എം.വി. ഗോവിന്ദൻ തിരിച്ചടിച്ചു. അവസരവാദി പരാമർശത്തിനു പിന്നാലെ തലശ്ശേരി അതിരൂപതയുടെയും കത്തോലിക്ക കോൺഗ്രസിന്റെയും പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘അവസരവാദമെന്നത് അശ്ലീലമോ ജനാധിപത്യവിരുദ്ധമോ ആയ വാക്കല്ല. റബറിന് 300 രൂപയാക്കിയാൽ ബി.ജെ.പിയെ പിന്തുണക്കാമെന്ന് പ്രഖ്യാപിച്ചയാളാണ് ഈ പാംപ്ലാനി. മുസ്‍ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും ആഭ്യന്തരശത്രുക്കളെന്ന് വിശ്വസിക്കുന്നവരാണ് ആർ.എസ്.എസ്. ഇവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപക ആക്രമണമുണ്ടാവുന്നു. ഛത്തിസ്ഗഢിൽ രണ്ട് കന്യാസ്ത്രീകളെ ജയിലിലടച്ചപ്പോൾ എല്ലാവരും നന്നായി ഇടപെട്ടു. ജാമ്യം ലഭിക്കുന്നതുവരെ ഒരു നിലപാടും കിട്ടിക്കഴിഞ്ഞ ശേഷം മറ്റൊരു നിലപാടുമാണ് പാംപ്ലാനി സ്വീകരിച്ചത്.
ബി.ജെ.പി ഓഫിസിലേക്ക് കേക്കുമായി ചില വൈദികർ പോയി. ഇത് അവസരവാദ നിലപാട് അല്ലാതെ എന്താണ്. അവസരവാദ നിലപാട് സ്വീകരിക്കാം. എന്നാൽ, പറയാൻ പാടില്ലെന്നാണോ?. ഇത്തരം കാര്യങ്ങളിൽ മൗലികമായ നിലപാട് എടുക്കാൻ കഴിയണം. ഛത്തിസ്ഗഢ് സംഭവത്തിനുശേഷം ഒഡിഷയിൽ ആക്രമണമുണ്ടായി. കൺമുന്നിൽ കാണുമ്പോഴല്ല നിലപാട് എടുക്കേണ്ടത്. കേന്ദ്രം ഭരിക്കുന്നവരെ വിമർശിക്കാൻ ധൈര്യമില്ല. തങ്ങൾ അവർക്ക് അനുകൂലമാണ് എന്ന് തോന്നിപ്പിക്കുകയാണ് ഇവർ. അതിനെയാണ് അവസരവാദമെന്ന് പറയുന്നത്. അതാണ് ചൂണ്ടിക്കാട്ടിയത് -എം.വി. ഗോവിന്ദൻ വിശദീകരിച്ചു.
ഈ വിഷയത്തിൽ സഭാനേതൃത്വത്തിൽ രണ്ട് നിലപാടുള്ളവരുണ്ട്. പേരിന് എതിർക്കുകയും അവസരം കിട്ടുമ്പോൾ അനുകൂലിക്കുകയും ചെയ്യുന്നവരാണ് ഒരുകൂട്ടർ. അതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമാണെന്നും അത് പിന്നെ പറയാമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.