തപാൽ സേവനം: ജി.എസ്.ടി കർശനമാക്കി; മടക്ക വിലാസത്തിന് അധിക തുക

പാലക്കാട്: ഇൻലന്റ്, പോസ്റ്റ് കാർഡ്, ബുക്പോസ്റ്റ് ഒഴികെയുള്ള തപാൽ സേവനങ്ങളിൽ ജി.എസ്.ടി ഈടാക്കിത്തുടങ്ങി. 2024 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നതാണെങ്കിലും ജൂലൈ 22 മുതലാണ് കർശനമാക്കിയത്.

ആധുനിക പോസ്റ്റൽ സാങ്കേതികവിദ്യ (അഡ്വാൻസ്ഡ് പോസ്റ്റൽ ടെക്നോളജി- എ.പി.ടി -2.0) ആപ്ലിക്കേഷൻ നടപ്പിലാക്കുന്നതോടെയാണ് 18 ശതമാനം ജി.എസ്.ടി താഴേത്തട്ടിൽ പിരിച്ചുതുടങ്ങുന്നത്. നേരത്തെ പാഴ്സൽ, സ്പീഡ് പോസ്റ്റ് എന്നിവിടങ്ങളിലാണ് ജി.എസ്.ടി പിടിച്ചിരുന്നത്. രജിസ്ട്രേഡ് തപാൽ തുകയിലും നിലവിൽ മാറ്റം വന്നിട്ടുണ്ട്. മാത്രമല്ല, താമസക്കാർ മാറിപ്പോകുന്ന സാഹചര്യത്തിൽ മറ്റൊരു വിലാസത്തിലേക്ക് രജിസ്ട്രേഡ്, സ്പീഡ് പോസ്റ്റ്, പാഴ്സലുകൾ മാറ്റിനൽകാൻ ആറ് രൂപ ഡെലിവറി ചാർജും ഈടാക്കിത്തുടങ്ങിയിട്ടുണ്ട്.

സോഫ്റ്റ്‍വെയർ മാറ്റം: സേവനരംഗത്ത് മാന്ദ്യം തുടരുന്നു

രാജ്യത്തെ തപാൽ മേഖലയിൽ എ.പി.ടി -2.0 ആപ്ലിക്കേഷൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സേവനങ്ങൾ മന്ദഗതിയിൽ തുടരുന്നു. ഓൺലൈൻ സേവനമാറ്റം ഒറ്റയടിക്ക് കൊണ്ടുവന്നതാണ് പ്രശ്നകാരണമായതെന്നും ഘട്ടംഘട്ടമായി കൊണ്ടുവന്നിരുന്നെങ്കിൽ പ്രവർത്തന മാന്ദ്യം ഉപഭോക്താക്കളെ ബാധിക്കുമായിരുന്നില്ലെന്നും ഈ രംഗത്തെ സംഘടനകൾ പറഞ്ഞു.

അതേസമയം, വൈകാതെ പ്രവർത്തനങ്ങൾ സാധാരണ ഗതിയിലാകുമെന്നും സേവനങ്ങളിൽ വിപ്ലവകരമായ മാറ്റമാണ് ജീവനക്കാർ തന്നെ രുപപ്പെടുത്തിയ സോഫ്റ്റ്വെയറിലൂടെ വരുന്നതെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തെ ഒന്നര ലക്ഷം പോസ്റ്റ്ഓഫിസുകളെ ബന്ധിപ്പിക്കുന്നതാകയാൽ സർവർ ശേഷി കൂട്ടി നെറ്റ്‍വർക്ക്, ബാൻഡ് വിഡ്ത്ത് എന്നിവ വർധിപ്പിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

ഓഫ് ലൈൻ മോഡിലേക്ക് സേവനങ്ങൾ മാറ്റാൻ ശ്രമിച്ചിരുന്നെങ്കിലും വിജയിക്കാത്തതിനെത്തുടർന്ന് വീണ്ടും ഓൺലൈനാക്കി. മൊബൈൽ സേവനങ്ങൾക്ക് നേരത്തെ നൽകിയിരുന്ന സിംകാർഡും മാറ്റിനൽകിയിട്ടുണ്ട്.

Tags:    
News Summary - Postal service: GST tightened; additional amount for return address

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.