‘വോട്ട് കൊള്ള ബി.ജെ.പിയും സി.പി.എമ്മും തെരുവിൽ തല്ലി തീർക്കേണ്ടതല്ല, പരിഹാരമാണ് വേണ്ടത്’; തൃശൂരിൽ കോൺഗ്രസ് വോട്ടർ പട്ടിക പരിശോധന തുടങ്ങി

തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ അനുദിനം പുറത്തുവരുന്നതിനിടെ തൃശൂരിൽ കോൺഗ്രസ് വോട്ടർ പട്ടിക പരിശോധന തുടങ്ങി. ഡി.സി.സി ഓഫിസിൽ ഒരുക്കിയ സൗകര്യത്തിലാണ് പരിശോധന നടക്കുന്നത്. ബുധനാഴ്ച തൃശൂർ നിയമസഭ മണ്ഡലത്തിലെ 17 ബൂത്തുകളുടെ പരിശോധനയാണ് നടക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് ഡി.സി.സി പ്രസിഡന്‍റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.

സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങൾ നടന്നിട്ടും ഒരക്ഷരം ഉരിയാടാതെ പോയത് ധാർഷ്ട്യമാണെന്നും വോട്ട് ക്രമക്കേട് ശരിവെക്കുന്നതായാണ് മനസ്സിലാക്കുന്നതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. രാഹുൽ ഗാന്ധി പുറത്തുകൊണ്ടുവന്ന വോട്ട് കൊള്ള ജനാധിപത്യ, ഭരണഘടന മൂല്യങ്ങളുടെ സംരക്ഷണത്തിനാണ്. ആ ലക്ഷ്യം മറികടക്കുന്നതിനാണ് ബി.ജെ.പിയും സി.പി.എമ്മും തെരുവിലേക്ക് വലിച്ചിഴച്ചത്. വോട്ടർ പട്ടികയിലെ ക്രമക്കേട് തെരുവിൽ തല്ലി തീർക്കേണ്ടതല്ല. തെരഞ്ഞെടുപ്പ് കമീഷൻ വേണ്ട പരിഹാരങ്ങൾ കണ്ടെത്തി തീർപ്പാക്കുകയാണ് വേണ്ടത്. അതിനായാണ് കോൺഗ്രസ് ജനങ്ങളെ അണിനിരത്തി കാമ്പയിൻ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപിക്കും കുടുംബത്തിനും വോട്ട് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ തൃശൂരില്‍ ചട്ടംലംഘിച്ച് കൂട്ടത്തോടെ വോട്ട് ചേര്‍ത്തെന്ന വിവാദത്തിന് എരിവ് കൂട്ടി കൂടുതല്‍ തെളിവുകള്‍ പുറത്ത്. കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും ഭാര്യ ഉള്‍പ്പടെ ആറ് കുടുംബാംഗങ്ങള്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്താണ് വോട്ട്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരിൽ വോട്ടുണ്ടായിരുന്ന സുരേഷ് ഗോപി, ഭാര്യ രാധിക സുരേഷ്, സഹോദരന്‍ സുഭാഷ് ഗോപി, ബന്ധുക്കളായ ഇന്ദിര രാജശേഖരന്‍, റാണി സുഭാഷ്, സുനില്‍ ഗോപി, കാര്‍ത്തിക സുനില്‍ എന്നിവര്‍ക്കാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിലെ ശാസ്തമംഗലം വാര്‍ഡിൽ വോട്ടുള്ളത്.

ഇവരെല്ലാം ശാസ്തമംഗലത്തെ സ്ഥിരതാമസക്കാരും 2021ലെ നിയമസഭ തെരഞ്ഞെടുപ്പുവരെ ഇവിടെ വോട്ട് ചെയ്തവരുമാണ്. സുരേഷ് ഗോപി തൃശൂരില്‍ മത്സരത്തിനിറങ്ങിയതോടെയാണ് അവിടത്തെ വാടക മേല്‍വിലാസത്തിലേക്ക് വോട്ട് മാറ്റിയത്.

സുരേഷ് ഗോപി വന്നു, മിണ്ടിയില്ല, പോയി

തൃശൂർ: ഒടുവിൽ സുരേഷ് ഗോപി തൃശൂരിൽ എത്തി. ആഴ്ചകൾക്ക് ശേഷം മണ്ഡലത്തിലെത്തിയ കേന്ദ്രമന്ത്രി വിവാദ വിഷയങ്ങളിൽ മൗനം തുടർന്നു. വോട്ടർ പട്ടിക ക്രമക്കേട്, ക്രിസ്തീയ സമൂഹത്തിന് നേരെയുള്ള ആക്രമണം തുടങ്ങിയ ചോദ്യങ്ങൾക്ക് മുന്നിൽ മൗനം തുടർന്നു. ഒടുവിൽ ‘ഇത്രത്തോളം സഹായിച്ചതിന് നന്ദി’ എന്ന് ഒറ്റവരിയിൽ മാത്രം പരിഹാസത്തോടെ പ്രതികരിച്ചു. ഏതാനും മണിക്കൂറുകൾ മാത്രം തൃശൂരിൽ ചെലവഴിച്ച് മടങ്ങുകയും ചെയ്തു. ബുധനാഴ്ച രാവിലെ 9.30ഓടെയാണ് സുരേഷ് ഗോപി വന്ദേഭാരത് എക്സ്പ്രസിൽ തൃശൂരിലെത്തിയത്.

റെയിൽവേ സ്റ്റേഷനിൽ ബി.ജെ.പി പ്രവർത്തകർ സ്വീകരണം ഒരുക്കിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ പരിക്കേറ്റ് അശ്വിനി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബി.ജെ.പി ജില്ല പ്രസിഡന്‍റ് ജസ്റ്റിൻ ജേക്കബ് അടക്കമുള്ളവരെ സന്ദർശിച്ചു.

ചൊവ്വാഴ്ച രാത്രി നടന്ന സംഘർഷത്തിന്‍റെ പേരിൽ ബി.ജെ.പി സംഘടിപ്പിച്ച പൊലീസ് കമീഷണർ ഓഫിസ് മാർച്ചിൽ പ്രസംഗിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും പരിപാടിക്ക് എത്തിയില്ല. പകരം മുൻ സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്.

Tags:    
News Summary - Congress voter list verification begins in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.