തൃശൂർ: തെരഞ്ഞെടുപ്പിൽ ജയവും തോൽവിയുമൊക്കെ ജനാധിപത്യത്തിന്റെ ഭാഗമാണ്. പരാജയത്തെ അംഗീകരിക്കാനും മടിയില്ല. എന്നാൽ, ജനവികാരത്തിനെ കള്ളവോട്ടുകൊണ്ടും ആൾമാറാട്ടം കൊണ്ടും അട്ടിമറിച്ചാൽ അവിടെ പരാജയപ്പെടുന്നത് ജനാധിപത്യമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരൻ പറഞ്ഞു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഏറെ വികാരമിളക്കി പ്രചരണം നടത്തിയിട്ടും ബി.ജെ.പിയെ അയോധ്യ പോലും കൈവിട്ടിരുന്നു. അപ്പോഴാണ് തൃശൂർ പോലുള്ള മണ്ഡലങ്ങളിൽ ബി.ജെ.പി ജയിക്കുന്നുവെന്ന് പറയുമ്പോൾ ജനാധിപത്യത്തെ അട്ടിമറിച്ചുവെന്നതിനുള്ള തെളിവാണെന്നും മുരളീധരൻ പറഞ്ഞു.
'ബിഹാര്‍ വോട്ടര്‍പട്ടികയില്‍ 124 വയസുള്ള സ്ത്രീ ഉൾപ്പെട്ടു. ഒന്ന് ആലോചിച്ച് നോക്കൂ..ബ്രഹ്മാവ് പോലും ഞെട്ടിപ്പോയി. കാരണം, ബ്രഹ്മാവിന്റെ കണക്കിൽ, പടച്ചുവിട്ടവരിൽ 105 ന് മുകളിൽ ആരും ഭൂമിയിൽ ജീവിച്ചിരുന്നിട്ടില്ല.'- കെ.മുരളീധരൻ പരിഹസിച്ചു
പഞ്ച് ഡയലോഗ് അടിക്കാറുള്ള സുരേഷ് ഗോപി എന്തുകൊണ്ട് ഈ വിഷയത്തിൽ മൗനി ബാബയായി മാറിയെന്നും തെരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്യുന്ന വിവാദങ്ങളെ പ്രതിരോധിക്കാൻ അദ്ദേഹത്തിന് കഴിയാത്തത് എന്തുകൊണ്ടാണെന്നും മുരളീധരൻ ചോദിച്ചു.
തൃശൂരിലെ വോട്ടുകൊള്ളയിൽ സുരേഷ് ഗോപിയുടെ മൗനം, പ്രതിരോധിക്കാൻ ഒന്നുമില്ലാത്തതുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പറഞ്ഞു. സുരേഷ് ഗോപിക്കും ബി.ജെ.പിക്കും ഉത്തരം പറയാനുള്ള ബാധ്യതയുണ്ട്. ആരോപണം ശരിയല്ല എന്ന് സുരേഷ് ഗോപിക്ക് ബോധ്യമുണ്ടെങ്കിൽ പ്രതികരിക്കണം. എല്ലാ സഹായവും ഉദ്യോഗസ്ഥ തലത്തിലാണ് ലഭിച്ചതെന്നും സതീശൻ പറഞ്ഞു.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് തൃശ്ശൂരിൽ വ്യാപകമായി കള്ളവോട്ട് ചേർത്തെന്ന ആരോപണത്തിൽ ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ഭരണ, പ്രതിപക്ഷ കക്ഷികളെയാണ് കുറ്റപ്പെടുത്തുന്നത്. മണ്ഡലത്തിൽ 60,000ത്തിലേറെ കള്ളവോട്ട് ചേർത്തെന്ന് കേരളത്തിലെ ഒരു മന്ത്രി പറയുകയാണ്. ഒരു എം.എൽ.എ പോലുമില്ലാത്ത പാർട്ടി 60,000 വോട്ട് അനധികൃതമായി ചേർക്കുമ്പോൾ നിങ്ങൾ എന്തുചെയ്യുകയായിരുന്നു അവരോട് ചോദിക്കാനുള്ളത്. നിങ്ങളൊക്കെ തൂങ്ങിചാകുന്നതാണ് നല്ലത്. ആക്ഷേപമുണ്ടെങ്കിൽ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
ആറ് മാസത്തിൽ കൂടുതൽ സ്ഥിരതാമസമുള്ള ആർക്കും അവിടുത്തെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. അത്തരത്തിൽ ഏതാനും ചില വോട്ടുകൾ മാത്രമാണ് തൃശൂരിൽ ചേർത്തത്. കോൺഗ്രസിലെയും സി.പി.എമ്മിലെയും പല ജനപ്രതിനിധികൾക്കും ഇത്തരത്തിൽ വോട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.