ആലപ്പുഴ: സി.പി.എമ്മിനെ ശുദ്ധീകരിക്കേണ്ടതുണ്ടെന്നും അല്ലെങ്കിൽ ചെയ്യുന്ന ജോലി പാഴാകുമെന്നും മുതിർന്ന നേതാവ് ജി. സുധാകരൻ. ജനങ്ങൾക്ക് എല്ലാം അറിയാം. സി.പി.എമ്മിന് വി.എസ് ഇല്ലാത്ത ഒരു കാലമാണെന്നും പിണറായിയാണ് ഇനിയുള്ളതെന്നും സുധാകരൻ വ്യക്തമാക്കി.
തന്നെ പാർട്ടി ചാനലിന് പോലും വേണ്ട. 22 വയസ് മുതൽ വി.എസുമായി അടുത്ത് പ്രവർത്തിച്ച ആളാണ് താൻ. എന്നിട്ടും വി.എസ് മരിച്ചപ്പോൾ ഒരു പ്രതികരണം എടുക്കാൻ പാർട്ടി ചാനൽ മാത്രം വന്നില്ല. പ്രതികരണം കൊടുക്കാൻ താൻ വിളിച്ചില്ലെന്നും അധികാരമുള്ളപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങാത്തവരാണെന്നും ജി. സുധാകരൻ വ്യക്തമാക്കി.
തനിക്കെതിരെ സൈബർ ആക്രമണം സജീവമാണ്. വ്യാജ ഐ.ഡിയിൽ നിന്ന് അനാവശ്യം പറയുന്ന കാലമാണ്. മരിക്കുമ്പോൾ പാർട്ടി പതാക പുതപ്പിക്കാൻ ആളില്ലെന്ന ഭീഷണി തിരുത്താനോ നടപടി സ്വീകരിക്കാനോ ആരുമില്ലെന്നും ജി. സുധാകരൻ കൂട്ടിച്ചേർത്തു.
അതേസമയം, വി.എസിന്‍റെ നിര്യാണത്തിന് പിന്നാലെ സി.പി.എം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ സംസ്ഥാന കമ്മിറ്റി അംഗം പിരപ്പൻകോട് മുരളി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വി.എസ്. അച്യുതാനന്ദന് ‘കാപിറ്റൽ പണിഷ്മെന്റ്’ നൽകണമെന്ന് സംസ്ഥാന സമ്മേളനത്തിൽ ആവശ്യമുയർന്നത് ശരിവെച്ചും, മാരാരിക്കുളത്ത് ചതിയിലൂടെയാണ് പാർട്ടി അദ്ദേഹത്തെ തോൽപിച്ചതെന്ന് പിരപ്പൻകോട് മുരളി വെളിപ്പെടുത്തി.
വിഭാഗീയതക്ക് നേതൃത്വം നൽകുന്ന വി.എസിന് കാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന സമ്മേളന പ്രതിനിധിയായ യുവാവിന്‍റെ പ്രസംഗംകേട്ട് വേദിയിലെ നേതാക്കൾ ചിരിച്ചു. ആ യുവാവാകട്ടെ പെട്ടെന്നുതന്നെ സംസ്ഥാന കമ്മിറ്റിയിലേക്കും സെക്രട്ടേറിയറ്റിലേക്കും എത്തിയെന്നും അന്നത്തെ സമ്മേളന പ്രതിനിധിയും മുൻ എം.എൽ.എയുമായ മുരളി മാധ്യമങ്ങളോട് പറഞ്ഞു.
1996ലെ തെരഞ്ഞെടുപ്പിൽ ഭരണം നേടിയാൽ വി.എസ് മുഖ്യമന്ത്രിയാവുമായിരുന്നു. അതിനാൽതന്നെ ചതിയിലൂടെ മാരാരിക്കുളത്ത് അദ്ദേഹത്തെ തോൽപിച്ചു. തന്‍റെ കഴിവും സ്വാധീനവും കൊണ്ടല്ല, സി.പി.എമ്മുകാർ സഹായിച്ചതുകൊണ്ടാണ് വി.എസിനെ തനിക്ക് തോൽപിക്കാനായതെന്ന് അന്ന് ജയിച്ച പി.ജെ. ഫ്രാൻസിസ് പാലക്കാട് നടന്ന ഒരു ചടങ്ങിനിടെ തന്നോട് വ്യക്തമാക്കിയിരുന്നു. രണ്ട് കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഒരു സംസ്ഥാന കമ്മിറ്റി അംഗവുമാണ് വി.എസിനെ തോലപിക്കാൻ ശ്രമിച്ചത്. ഇവർക്കെതിരെ നടപടിയെടുത്തില്ല. ജില്ലാ കമ്മിറ്റി അംഗത്തിനെതിരെയാണ് അച്ചടക്ക പാർട്ടിയുണ്ടായത്.
വി.എസ് വീണ്ടും മുഖ്യമന്ത്രിയാവുമെന്നതിനാൽ ജയിക്കാവുന്ന സീറ്റുകള്‍ പലതും ബോധപൂര്‍വം തോല്‍പ്പിച്ച് 2011ലെ തുടര്‍ഭരണം പാർട്ടി സംസ്ഥാന നേതൃത്വം നഷ്ടപ്പെടുത്തുകയായിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന ‘വി.എസ്: കമ്യൂണിസ്റ്റ് മനുഷ്യാവതാരം’ എന്ന തന്‍റെ പുസ്തകത്തിൽ രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്ത നിരവധി വിവാദങ്ങൾക്ക് ഉത്തരമുണ്ടാകും. 2016ല്‍ ആദ്യഘട്ടത്തിലെങ്കിലും വി.എസിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടതിന്‍റെ പേരിലാണ് തനിക്ക് പാർട്ടി സ്ഥാനങ്ങൾ നിഷേധിച്ചതെന്നും പിരപ്പൻകോട് മുരളി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.