തിരുവനന്തപുരം: കേരള സർവകലാശാലയിൽ രണ്ട് രജിസ്ട്രാർമാർ തമ്മിൽ തർക്കം തുടരുന്നതിനിടെ ഇന്റർസോൺ കലോത്സവ വിധിനിർണയ രേഖകളുമായി നേരിൽ ഹാജരാകാൻ താൽക്കാലിക രജിസ്ട്രാർ ഡോ. മിനി കാപ്പന് രാജ്ഭവൻ നിർദേശം. മത്സരത്തിലെ വിധികർത്താക്കൾ നൽകിയ മാർക്ക് രേഖപ്പെടുത്തിയ സ്കോർ ഷീറ്റുമായി ഈ മാസം 26ന് ഹാജരാകാനാണ് നിർദേശം.
കൂടുതൽ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് അനുകൂല്യം ലഭിക്കാൻ കലോത്സവത്തിന്റെ ഗ്രൂപ് മത്സരങ്ങളിൽ ഒന്നിൽ കൂടുതൽ ഗ്രൂപ്പുകളെ വിജയികളായി പ്രഖ്യാപിച്ചത് അംഗീകരിക്കാൻ വൈസ്ചാൻസലർ വിസമ്മതിച്ചതിനെ തുടർന്ന് ചാൻസലറായ ഗവർണറെ എതിർകക്ഷിയാക്കി വിദ്യാർഥികൾ ഹൈകോടതിയിൽ നൽകിയ ഹരജിയിൽ എതിർ സത്യവാങ്മൂലം നൽകുന്നതിന്റെ ഭാഗമായാണ് രാജ്ഭവൻ നടപടി.
സ്ഥിരം രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനെ വി.സി സസ്പെൻഡ് ചെയ്ത സാഹചര്യത്തിലാണ് ഗവർണറുടെ സെക്രട്ടറി രജിസ്ട്രാർ ഇൻ ചാർജിന് കത്തയച്ചത്. വി.സി സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ട ശേഷം അംഗങ്ങൾ യോഗം തുടർന്ന് അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്നും നിലനിൽക്കില്ലെന്നും വി.സി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.