കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്; യു.ഡി.എസ്.എഫ് കള്ളവോട്ട് ചെയ്തെന്ന് എസ്എഫ്‌ഐ ആരോപണം

കണ്ണൂര്‍ : സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിൽ യു.ഡി.എസ്.എഫ് കള്ളവോട്ട് ചെയ്തെന്ന പരാതിയുമായി എസ്എഫ്‌ഐ. കാസര്‍കോട് എക്‌സിക്യൂട്ടീവ് സീറ്റിലെ യു.ഡി.എസ്.എഫ് വിജയത്തിലാണ് പരാതി. തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം. യു.യു.സിമാരില്‍ പലരും വോട്ട് ചെയ്യാന്‍ എത്തിയില്ലെന്നും ഇവരുടെ പേരിൽ പലരും കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നുമാണ് എസ്.എഫ്‌.ഐയുടെ ആരോപണം.

വേണ്ട നടപടിയെടുക്കണമെന്ന് സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് പറഞ്ഞു. കാസര്‍കോട് എക്‌സിക്യൂട്ടീവ് ആയി യുഡിഎസ്എഫ് സ്ഥാനാര്‍ത്ഥിയായ എം.എസ്.എഫിന്റെ ഫിദ എം.ടി.പി വിജയിച്ചത് ഒരു വോട്ടിനായിരുന്നു.

തെരഞ്ഞെടുപ്പിൽ അഞ്ച് ജനറൽ സീറ്റുകളിലും എസ്.എഫ്.ഐ വിജയിച്ചിരുന്നു. എസ്.എഫ്.ഐയുടെ നന്ദജ് ബാബുവിനെ ചെയർപേഴ്സണായി തെരഞ്ഞെടുത്തു. കാസർകോട്, വയനാട് ജില്ലാ റെപ്രസന്റേറ്റീവ് സ്ഥാനങ്ങൾ യു.ഡി.എസ്.എഫ് പിടിച്ചെടുത്തു. തുടർച്ചയായ ഇരുപത്തിയാറാം വർഷമാണ് എസ്.എഫ്.ഐ സർവകലാശാല യുണിയൻ ഭരണം നിലനിർത്തുന്നത്.

വലിയ സംഘർഷത്തിനിടെയാണ് കണ്ണൂർ സർവകലാശാലയിൽ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്. ​ബുധനാഴ്ച രാവിലെ യൂണിയൻ തെരഞ്ഞെടുപ്പ് ആരംഭിച്ചതിനു പിന്നാലെഎസ്.എഫ്.ഐ പ്രവർത്തകരും എം.എസ്.എഫ്, കെ.എസ്.യു പ്രവർത്തകർ ഉൾപ്പെടുന്ന യു.ഡി.എസ്.എഫും തമ്മിൽ സംഘർഷങ്ങൾ ഉണ്ടായിരുന്നു.

കാസർകോട് എം.ഐ.സി കോളേജിലെ യു.യു.സി സഫ്വാനെ എസ്.എഫ്.ഐ പ്രവർത്തകർ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചാണ് തർക്കമുണ്ടായത്.കോടതി ഉത്തരവുണ്ടായിട്ടും പൊലീസ് സംരക്ഷണം നൽകിയില്ലെന്നും, വോട്ട് ചെയ്യാനെത്തിയ യു.യു.സിമാരെ തടയുകയാണെന്നും യു.ഡി.എസ്.എഫ് ആരോപിച്ചു. എന്നാല്‍ ആരോപണം എസ്.എഫ്.ഐ നിഷേധിച്ചു.

വാശിയേറിയ തെരഞ്ഞെടുപ്പിനിടെ എസ്.എഫ്.ഐ പ്രവർത്തകർ ബാലറ്റ് തട്ടിപ്പറിച്ചെന്ന പരാതിയുമായി യു.ഡി.എസ്.എഫുകാർ രംഗത്തെത്തി. വിദ്യാർഥികളുടെ ഉന്തിലും തള്ളിലും തുടങ്ങിയ സംഘർഷം കൂട്ടത്തല്ലിലേക്കും ഏറ്റുമുട്ടലിലേക്കും നീങ്ങി. തുടർന്ന്, വിദ്യാർഥികളെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശുകയായിരുന്നു. ചെടിച്ചട്ടി വലിച്ചെറിഞ്ഞും വടി ഉപയോഗിച്ചും വിദ്യാർഥികൾ ചേരിതിരിഞ്ഞത് ഏറെ നേരം സംഘർഷാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.

Tags:    
News Summary - Kannur University Union Elections; SFI complains that UDSF rigged votes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.