ആംബുലൻസിന് വഴിയൊരുക്കുന്ന എ.എസ്.ഐ അപർണ
തൃശൂർ: ഇരുവശങ്ങളിലുമായി വാഹനങ്ങൾ നിറഞ്ഞ നഗരത്തിരക്കിനിടയിലേക്ക് ഓടിക്കയറി, ആംബുലൻസിന് വഴിയൊരുക്കി കൈയടി നേടിയ പൊലീസ് ഉദ്യോഗസ്ഥയെ ഓർമയില്ലേ. തൃശൂർ നഗരത്തിരക്കിനിടയിലേക്ക് രോഗിയുമായെത്തിയ ആംബുലൻസിന് സിനിമാ സ്റ്റൈലിലെന്ന പോലെ ഓടിക്കയറി മുന്നിലെ വാഹനങ്ങളിലെ വശങ്ങളിലേക്ക് മാറ്റി വഴിയൊരുക്കിയ തൃശൂർ സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അപർണ ലവകുമാർ. ഡ്യട്ടിയിലിരിക്കേ, ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ കൃത്യനിർഹണത്തിന്റെ മാതൃകയായി അപർണയുടെ സേവനത്തെ മാധ്യമങ്ങളും, സോഷ്യൽ മീഡിയയും ഏറ്റെടുത്ത് പ്രശംസിച്ചു.
ഏതാനും ആഴ്ചകൾ മുമ്പ് നടന്ന സംഭവത്തിൽ ഇപ്പോഴാണ് പുതിയൊരു ട്വിസ്റ്റുണ്ടായത്. അന്നത്തെ സംഭവത്തിന് വഴിവെച്ച ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ ഇപ്പോൾ കണ്ടെത്തിരിക്കുന്നു. ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ച കേസിൽ ഡ്രൈവറെയും ആംബുലൻസിനെയും അധികൃതർ കസ്റ്റഡിയിലെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു.
ദൃശ്യങ്ങൾ പകർത്തിയതിലെ അസ്വാഭാവികതയെ തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് ആംബുലൻസ് ഡ്രൈവറിലെത്തുന്നത്. ആംബുലൻസിന്റെ വലതുവശത്തു നിന്നാണ് ദൃശ്യം പകർത്തിയതെന്ന് മനസ്സിലാവുകയും തുടർന്ന് ആംബുലൻസ് ഏതെന്ന് അന്വേഷിക്കുകയുമായിരുന്നുവെന്ന് എം.വി.ഡി ഉദ്യോഗസ്ഥൻ ബിജു പി.വി പറഞ്ഞു. തുടർന്നാണ് ആംബുലൻസിൽ രോഗിയില്ലെന്ന വിവരം ലഭിച്ചത്. വാഹനം ഓടിക്കുന്നതിനിടയിൽ മൊബൈൽ ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ചതിനാണ് ഇപ്പോൾ ഡ്രൈവർക്കെതിരെ കേസ് എടുത്തത്.
തിരക്കിനിടയിൽ ആംബുലൻസ് എത്തിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥ ഓടിയെത്തി വഴിയൊരുക്കുകയായിരുന്നുവെന്നും, രോഗിയില്ലെന്ന് അവരോട് പറയാൻ സാഹവകാശം ലഭിച്ചില്ലെന്നും ആംബുലൻസ് ഡ്രൈവർ ഫൈസൽ പറഞ്ഞു. സൈറൺ ഇട്ടിരുന്നില്ലെന്നും, എന്നാൽ, പിന്നീട് എഡിറ്റ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് വീഡിയോ വൈറൽ ആയതാണെന്നും അദ്ദേഹം പ്രതികരിച്ചു.
ആംബുലൻസ് ഡ്രൈവറെയും സഹായിയെയും പിഴ ഈടാക്കി വിട്ടയച്ചു.
മറ്റാരോ ആണ് സൈറൺ എഡിറ്റ് ചെയ്ത് വീഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് വൈറൽ ആകിയതെന്ന് ഡ്രൈവർ ഫൈസൽ പ്രതികരിച്ചു. ആശുപത്രിയിൽ രോഗിയെ എത്തിച്ച ശേഷം, മറ്റൊരു രോഗിയെ എടുക്കാനുള്ള യാത്രക്കിടയിലായിരുന്നു ഈ സംഭവമെന്നും ഡ്രൈവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.