കോഴിക്കോട്: വടകരയിൽ ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്ന് ആവർത്തിച്ച് ഷാഫി പറമ്പിൽ എം.എൽ.എ. തനിക്ക് നേരെയുണ്ടായ പ്രതിഷേധത്തിൽ പൊലീസ് കാഴ്ചക്കാരായി എന്നും ഷാഫി കുറ്റപ്പെടുത്തി. വേണമെങ്കിൽ രണ്ട് മുദ്രാവാക്യം വിളിച്ചുകൊള്ളട്ടെ എന്ന് പൊലീസ് കരുതി. പൊലീസിന് വേണമെങ്കിൽ വഴി തിരിച്ചുവിടാമായിരിന്നു. തന്നെ തടയുന്നതിന്റെ ലോജിക് എന്താണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് താൻ എതിരല്ല. തടഞ്ഞുവെച്ച് മോശമായ വാക്കുകൾ പറഞ്ഞപ്പോഴാണ് പ്രതികരിച്ചത്. ആരെയും കായികമായി നേരിടുന്നത് തങ്ങളുടെ രീതിയല്ലെന്നും ഷാഫി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ മണ്ഡലത്തിലേക്കുള്ള തിരിച്ചുവരവ് അദ്ദേഹം തന്നെ തീരുമാനിക്കേണ്ട കാര്യമാണെന്ന് ഷാഫി പ്രതികരിച്ചു. പാലക്കാട്ട് എ ഗ്രൂപ് യോഗം ചേർന്നെന്ന വാർത്ത ഷാഫി തള്ളി. യോഗം ചേർന്നെന്ന് പറയുന്ന സമയത്ത് സി. ചന്ദ്രൻ സ്ഥലത്ത് പോലുമില്ല. വെള്ളിയാഴ്ച പുലർച്ചെയാണ് കെ.പി.സി.സി ജന. സെക്രട്ടറി ചന്ദ്രൻ പാലക്കാട്ട് എത്തിയത്. താൻ പാലക്കാട്ട് എത്തിയത് വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ്. അത് മാധ്യമപ്രവർത്തകർ എല്ലാം കണ്ടതുമാണ്. ഒരു മാധ്യമം വ്യാജ വാർത്ത നൽകുകയും മറ്റുള്ളവർ അത് ഏറ്റുപിടിക്കുകയും ചെയ്തു. അവാസ്തവമായ പ്രചാരണം അവസാനിപ്പിക്കാൻ തയാറാകാണമെന്നും ഷാഫി ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ശക്തമായ കടന്നാക്രമണവും ഭീകരതയും കോൺഗ്രസ് നടത്തുന്നതിനാലാണ് ഷാഫി പറമ്പിൽ എം.പിക്കെതിരെ പ്രതിഷേധമുണ്ടായതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അതിനെ പ്രകോപനത്തിനെതിരായ വികാര പ്രകടനമായി കണ്ടാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
ഒരാളെ സസ്പെൻഡ് ചെയ്താൽ അയാൾ പാർട്ടി വഴി ആർജിച്ച സ്ഥാനമാനങ്ങൾ രാജിവെക്കണമെന്നാണ് കോൺഗ്രസ് ഭരണഘടന പറയുന്നത്. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെച്ചിട്ടില്ല. മാത്രമല്ല, കാലാവധി പറയാതെ സസ്പെൻഡ് ചെയ്തതിനാൽ രാഹുലിന് 30 ദിവസത്തിനുശേഷം പാർട്ടിയിൽ തിരിച്ചെത്താനുമാകും. ഇതിന് നിയമ തടമുണ്ടാവുമുണ്ടാകില്ല. ഇത് ഒത്തുകളിയാണ്. മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തുവന്നത്. രാഹുലിന്‍റെ രാജിക്കായി സി.പി.എം ഒറ്റക്ക് സമരം നടത്താൻ ആലോചിക്കുന്നില്ലെന്നും എം.വി. ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.