ആളെ കൊല്ലും റോഡുകൾ: അപകടങ്ങളിൽ കേരളം മൂന്നാമത്; മരണ നിരക്കിൽ ഒന്നാമത് യു.പി; കേരളത്തിൽ മുന്നിൽ മലപ്പുറം

ന്യൂഡൽഹി: റോഡ്-ഹൈവേ മന്ത്രാലയം പുറത്തു വിട്ട 2023ലെ റോഡ് അപകട റിപ്പോർട്ടിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വാഹന അപകടമുള്ള സംസ്ഥാനങ്ങളിൽ ഒന്നായി കേരളവും.  എന്നാൽ, അപകടത്തിലെ മരണ നിരക്കിൽ കേരളം ഏറെ സുരക്ഷിതമെന്നും റിപ്പോർട്ട് ചൂണ്ടികാട്ടുന്നു. അപകട മരണ നിരക്കിൽ ദേശീയ തലത്തിൽ 17ാം സ്ഥാനത്താണ് കേരളം.

റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്ത സംസ്ഥാന തമിഴ്നാടാണ്. 2023ൽ 67,213 റോഡ് അപകടങ്ങളാണ് തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തത്. ​ദേശീയ അപകട നിരക്കിന്റെ 13.9 ശതമാനം വരുമിത്. തുടർച്ചയായി ആറാം വർഷമാണ് തമിഴ്നാട് അപകട പട്ടികയിൽ ഒന്നാമതെത്തുന്നത്. മധ്യപ്രദേശ് രണ്ടാം സ്ഥാനത്തും കേരളം (10 ശതമാനം) മൂന്നും, ഉത്തർ പ്രദേശ് (9.3 ശതമാനം) നാലാമതുമാണ്.

2022ൽ കേരളത്തിൽ 43,910 അപകടങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ 2023ൽ ഇത് 48,010ആയി ഉയർന്നു. ദേശീയ കണക്കുകളുടെ പത്ത് ശതമാനം. മധ്യപ്രദേശിൽ 54,432ഉം, ഉത്തർ പ്രദേശിൽ 41,746ഉം ആണ് 2023ലെ വാഹനാപകടം.

എന്നാൽ, ഏറ്റവും കൂടുതൽ റോഡ് അപകട മരണ നിരക്ക് രേഖപ്പെടുത്തുന്നത് ഉത്തർ പ്രദേശിലാണ്. തുടർച്ചയായി നാലാം വർഷമാണ് ഉത്തർ ​പ്രദേശ് അപകട മരണങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളത്. 2023ൽ 23,652 അപകട മരണങ്ങൾ ഉത്തർ പ്രദേശിൽ റിപ്പോർട്ട് ചെയ്തു. തമിഴ്നാട് രണ്ടും (18,347), മഹാരാഷ്ട്ര (15,366) മൂന്നും സ്ഥാനങ്ങളിലുണ്ട്. കർണാടക, രാജസ്ഥാൻ, ബിഹാർ, ആന്ധ്ര പ്രദേശ്, ഗുജറാത്ത്, തെലങ്കാന എന്നിവരാണ് മരണ നിരക്കിൽ ആദ്യ പത്തിലുള്ള മറ്റു സംസ്ഥാനങ്ങൾ.

റോഡ് അപകടങ്ങളുടെ എണ്ണത്തിൽ ദേശീയ ശരാശരിയേക്കാൾ മുകളിലാണെങ്കിലും മരണം ഒഴിവാക്കുന്നതിൽ കേരളത്തിലെ സംവിധാനങ്ങൾ കാര്യക്ഷമത പുലർത്തുന്നതിന്റെ തെളിവാണ്. 4080 ​പേരാണ് 2023ൽ കേരളത്തിൽ വാഹനാപകടങ്ങളിൽ മരിച്ചത്. ദേശീയ തലത്തിൽ 17ാം സ്ഥാനമാണിത്. 2022ൽ 4317 പേരും, 2021ൽ 3429 ഉം, 2020ൽ 2979ഉം, 2019ൽ 4440ഉം ആയിരുന്നു കേരളത്തിലെ അപകട മരണ നിരക്ക്.

ദേശീയ പാതയിലെ അപകടങ്ങളിലും മരണത്തിലും ഉത്തർ പ്രദേശ് തന്നെയാണ് ഒന്നാമത്. 2023ൽ 8446 അപകട മരണങ്ങളാണ് ഉത്തർ പ്രദേശിൽ റിപ്പോർട്ട് ചെയ്തത്. തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

രാജ്യവ്യാപകമായി 480,583 അപകടങ്ങളാണ് 2023ൽ റിപ്പോർട്ട് ചെയ്തത്. 172,890 ലക്ഷം പേർ അപകടങ്ങളിൽ മരിച്ചു. ഒരു ദിവസം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി റോഡിൽ നഷ്ടമാവുന്നത് 474 ജീവനുകളാണ്. 2022നെ അപേക്ഷിച്ച് റോഡ് അപകട നിരക്ക് 4.2 ശതമാനം വർധിച്ചപ്പോൾ, റോഡ് അപകട മരണ നിരക്കിൽ 2.6 ശതമാനവും വർധിച്ചു. റോഡ് അപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണ 4.62 ലക്ഷം വരെയായി ഉയർന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 4.4 ശതമാനമാണ് ഈ വർധനയെന്നും കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.


അപകട നഗരങ്ങൾ; പട്ടികയിൽ കേരള നഗരങ്ങളും

ഇന്ത്യയിൽ വാഹന അപകടങ്ങളിൽ മുൻനിരയിലുള്ള നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള ഏഴ് നഗരങ്ങളും. കണ്ണൂർ, കോഴിക്കോട്, കൊച്ചി, കൊല്ലം, മലപ്പുറം, തിരുവനന്തപുരം, തൃശൂർ നഗരങ്ങളാണ് ഏറ്റവും കൂടുതൽ അപകട മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഇന്ത്യയിലെ 50 നഗരങ്ങളുടെ പട്ടികയിൽ ഇടം ​പിടിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതൽ വാഹനാപകടങ്ങളും മരണവും റിപ്പോർട്ട് ചെയ്ത നഗരം തലസ്ഥാനമായ ഡൽഹിയാണ്. 2023ൽ ഡൽഹിയിൽ 5834 അപകടങ്ങളും, 1457 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 5470 പേർക്ക് പരിക്കേറ്റു. രണ്ടാം സ്ഥാനത്ത്. അപകട മരണത്തിൽ രണ്ടാം സ്ഥാനത്തുള്ള ബംഗളൂരുവും (915 മരണം), മൂന്നാമത് ജയ്പൂരും (849 മരണം), നാലാമത് കാൺപൂരും (638 മരണം) ആണുള്ളത്.  അലഹബാദ്, ലഖ്നോ, ജബൽപൂർ, അഹമ്മദബാദ്, ആഗ്ര, ചെന്നൈ നഗരങ്ങളാണ് അപകട മരണനിരക്കിൽ ആദ്യ പത്തിലുള്ളത്.


അപകടമരണങ്ങളിൽ ഒന്നാമത് മലപ്പുറം

റോഡ്-ഹൈ​വേ മന്ത്രാലയം റോഡ് അപകട റിപ്പോർട്ടിൽ ഇന്ത്യയിലെ 50 നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നും ഏഴ് നഗരങ്ങളാണ് ഇടം പിടിച്ചത്. അവയിൽ ഏറ്റവും മുന്നിലുള്ളത് മലപ്പുറം. 2023ൽ 309 അപകട മരണമാണ് മലപ്പുറത്തു നിന്നും റിപ്പോർട്ട് ചെയ്തത്. 2022ൽ ഇത് 320 ആയിരുന്നു. 3253 വാഹന അപകടങ്ങളും ജില്ലയിൽ ഈ വർഷം റിപ്പോർട്ട് ചെയ്തു.

ദശലക്ഷത്തിലേറെ ജനസംഖ്യയുടെ നഗരങ്ങളിൽ ഏറ്റവും കൂടുതൽ അപകടം റിപ്പോർട്ട് ചെയ്ത പത്തിൽ ​മലപ്പുറവും കൊച്ചിയും ഇടം പിടിച്ചു. 3253 അപകടങ്ങളാണ് 2023ൽ മലപ്പുറത്ത് റിപ്പോർട്ട് ചെയ്തത്. 2803 അപകടങ്ങളുമായി കൊച്ചി പത്താം സ്ഥാനത്തുണ്ട്.

കേരള നഗരങ്ങളുടെ കണക്കുകളും ദേശീയ തലത്തിലെ സ്ഥാനവും

മലപ്പുറം (309 മരണം, 23 സ്ഥാനം), കൊല്ലം (211 മരണം, 31ാം സ്ഥാനം), തൃശൂർ (231 മരണം, 32ാം സ്ഥാനം), കൊച്ചി (177 മരണം, 41ാം സ്ഥാനം), കോഴിക്കോട് (172 മരണം, 42ാം സ്ഥാനം), ​തിരുവനന്തപുരം (137 മരണം, 45ാം സ്ഥാനം), കണ്ണൂർ (117 മരണം, 46ാം സ്ഥാനം),

Tags:    
News Summary - Kerala ranks third in road accidents; UP ranks first in death rate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.