കേരളത്തിന്റെ കാർഷികമേഖല വളർച്ചയുടെ പാതയിൽ -മുഖ്യമന്ത്രി

തൃശൂർ: കേരളത്തിന്റെ കാർഷികമേഖല വളർച്ചയുടെ പാതയിലാണെന്നും ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം വളർച്ച കേരളം കൈവരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ. കർഷക ദിനാഘോഷം സംസ്ഥാനതല പരിപാടിയും സംസ്ഥാന കർഷക അവാർഡ് വിതരണവും ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മിഷൻ 2026 എന്ന പേരിൽ ആവിഷ്കരിച്ച ഹ്രസ്വകാല കാർഷിക പദ്ധതിയും ദീർഘകാല പദ്ധതിയായ മിഷൻ 2033ഉം ഇതിന് ഏറെ സഹായകരമായി. സമഗ്ര കാർഷിക വിള ഇൻഷുറൻസ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാൻ സാധിച്ചു. നെല്ലിന്റെ ഉൽപാദനക്ഷമത ഹെക്ടറിന് 3108 കിലോ ആയി വർധിപ്പിക്കാനും കേരഗ്രാമം പദ്ധതിയിലൂടെ നാളികേര കൃഷിയിൽ 54 ശതമാനം വളർച്ച കൈവരിക്കാനും ഈ സർക്കാറിന്റെ കാലയളവിൽ സാധിച്ചു. പച്ചത്തേങ്ങ സംഭരണം 6.28 ലക്ഷം ടണ്ണിൽനിന്ന് 17.20 ലക്ഷം ടണ്ണായി വർധിച്ചു.

വന്യമൃഗ ശല്യം തടയേണ്ട കാര്യം തന്നെയാണ്. എന്നാൽ, സംസ്ഥാന സർക്കാറിന്റെ ഇടപെടൽ കൊണ്ട് മാത്രം ഇക്കാര്യത്തിൽ പൂർണത കൈവരിക്കാനാവില്ല. കേന്ദ്ര നിയമത്തിൽ കാലോചിത മാറ്റം കൊണ്ടുവരേണ്ടതുണ്ട്. ഇതിനായി സംസ്ഥാനം കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തുന്നുണ്ട്. കൂടാതെ സംസ്ഥാന സർക്കാറിന് പ്രാവർത്തികമാക്കാൻ കഴിയുന്ന പ്രത്യേക പദ്ധതികളും ആവിഷ്കരിച്ചു. പരമ്പരാഗത കൃഷി രീതികളും ആധുനിക കൃഷികളും സംയോജിപ്പിച്ച് നടപ്പാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൃഷി മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. കർഷകരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് മന്ത്രി പറഞ്ഞു. കൃഷിയും കൃഷിയിടങ്ങളും സ്മാർട്ട് ആകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. മുതിർന്ന കർഷകൻ ജോസഫ് പള്ളൻ, കർഷകത്തൊഴിലാളി എ.ആർ. സംഗീത എന്നിവരെ മന്ത്രി കെ. രാജൻ ആദരിച്ചു. കർഷക അവാർഡ് ജേതാക്കളുടെ വിജയഗാഥ കോർത്തിണക്കിയ ‘ഹരിതഗാഥ’ പുസ്തക പ്രകാശനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. സംസ്ഥാന കർഷക അവാർഡ് ജേതാക്കൾക്ക് മന്ത്രിമാരായ പി. പ്രസാദും കെ. രാജനും ചേർന്ന് പുരസ്കാരങ്ങൾ വിതരണം ചെയ്തു.

Tags:    
News Summary - Kerala's agricultural sector on the path of growth - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.