കാല്‍വെട്ട് കേസ്: കുറ്റവാളികളുടെ യാത്രയയപ്പിൽ പങ്കെടുത്തതിൽ വിശദീകരണവുമായി കെ.കെ. ശൈലജ

കണ്ണൂര്‍: ബി.ജെ.പി നേതാവും എം.പിയുമായ സി സദാനന്ദന്റെ കാല്‍വെട്ടിയ കേസിലെ കുറ്റവാളികൾക്ക് സി.പി.എം ഓഫിസില്‍ യാത്രയയപ്പ് നല്‍കിയ സംഭവത്തിൽ വിശദീകരണവുമായി മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ കെ.കെ. ശൈലജ എം.എല്‍.എ. നാട്ടിലെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് അവരെന്നാണ് തന്റെ അറിവെന്നും മാന്യമായി ജീവിതം നയിക്കുന്നവരാണ് അവർ എല്ലാവരുമെന്നും കെ.കെ. ശൈലജ പറഞ്ഞു​. മട്ടന്നൂര്‍ പഴശ്ശി സൗത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസിലാണ് പ്രതികള്‍ക്ക് യാത്രയയപ്പ് നല്‍കിയത്. യാത്രയയപ്പ് ചടങ്ങ് ആയിരുന്നില്ല അവിടെ നടന്നത്. പാര്‍ട്ടി പ്രവര്‍ത്തകയായാണ് താന്‍ പോയത്. അവര്‍ ഏതെങ്കിലും കുറ്റം ചെയ്തതായി കരുതുന്നില്ല. കോടതി വിധി മാനിക്കുന്നുവെന്നും ശൈലജ പറഞ്ഞു.

'കോടതി അവരെ ശിക്ഷിച്ചിട്ടുണ്ട്. അവര്‍ ഏതെങ്കിലും തരത്തില്‍ ഇത്തരം കുറ്റകൃത്യത്തില്‍ പങ്കെടുക്കുന്നവര്‍ അല്ലെന്നാണ് നാട്ടുകാര്‍ക്ക് അറിയുന്നത്. സ്‌കൂള്‍ അധ്യാപകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായിരുന്നു. കോടതി വിധി മാനിക്കുന്നു. 30 വര്‍ഷത്തിന് ശേഷം അവര്‍ ജയിലില്‍ പോകുമ്പോള്‍ കുടുംബാംഗങ്ങളും വിഷമത്തിലാണ്. ഇവര്‍ തെറ്റ് ചെയ്തില്ലെന്നാണ് കുടുംബവും വിശ്വസിക്കുന്നത്. പോകുന്ന സമയത്ത് അവിടെയുണ്ടായിരുന്നു. യാത്രയയപ്പായി അതിനെ കാണാന്‍ സാധിക്കില്ല’ -കെ.കെ. ശൈലജ പറഞ്ഞു.

സദാനന്ദൻ വധശ്രമക്കേസിലെ സി.പി.എം പ്രവർത്തകരായ എട്ട് പ്രതികളാണ് കോടതി ഉത്തരവിനെ തുടർന്ന് 30 വർഷങ്ങൾക്കുശേഷം കീഴടങ്ങിയത്. സി.പി.എം പ്രവർത്തകരായ മട്ടന്നൂർ ഉരുവച്ചാല്‍ കുഴിക്കല്‍ കെ. ശ്രീധരന്‍, മാതമംഗലം നാണു, പെരിഞ്ചേരി പുതിയ വീട്ടില്‍ മച്ചാന്‍ രാജന്‍, കുഴിക്കല്‍ പി. കൃഷ്ണന്‍ (കുഞ്ഞികൃഷ്ണന്‍), മനക്കല്‍ ചന്ദ്രോത്ത് രവീന്ദ്രന്‍ (രവി), കരേറ്റ പുല്ലാഞ്ഞിയോടന്‍ സുരേഷ് ബാബു (ബാബു), പെരിഞ്ചേരി മൈലപ്രവന്‍ രാമചന്ദ്രന്‍, കുഴിക്കല്‍ കെ. ബാലകൃഷ്ണന്‍ (ബാലന്‍) എന്നിവരാണ് തിങ്കളാഴ്ച തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി മുമ്പാകെ കീഴടങ്ങിയത്.

പ്രതികളെ വിചാരണ കോടതി നേരത്തേ ശിക്ഷിച്ചിരുന്നു. എന്നാല്‍, ശിക്ഷാവിധിക്കെതിരെ മേല്‍കോടതികളില്‍ അപ്പീല്‍ നല്‍കി ജാമ്യത്തിലായിരുന്നു. ഏഴുവര്‍ഷത്തെ തടവാണ് വിധിച്ചിരുന്നത്. സുപ്രീംകോടതിയും അപ്പീല്‍ തള്ളിയതോടെയാണ് പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയത്. മട്ടന്നൂര്‍ ഉരുവച്ചാലിലെ പഴശ്ശി രക്തസാക്ഷി മന്ദിരത്തില്‍നിന്ന് സി.പി.എം നേതാക്കളും പ്രവര്‍ത്തകരും ഇവര്‍ക്ക് യാത്രയയപ്പ് നല്‍കി.

പ്രതികളെ യാത്രയാക്കാന്‍ സ്ഥലം എം.എല്‍.എ കെ.കെ. ശൈലജ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സി.പി.എം പഴശ്ശി സൗത്ത് ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ എത്തിയിരുന്നു. കോടതിയിൽ കീഴടങ്ങാനായി പോകുന്ന പ്രതികളായ സി.പി.എം പ്രവര്‍ത്തകര്‍ക്കായി മുദ്രാവാക്യം മുഴക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. കോടതി നടപടികൾക്കുശേഷം പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

1994 ജനുവരി 25ന് രാത്രിയാണ് പെരിഞ്ചേരിക്ക് സമീപം സദാനന്ദനെ സി.പി.എം പ്രവർത്തകർ ആക്രമിച്ചത്. രണ്ട് കാലുകളും വെട്ടിമാറ്റി. രക്തം വാർന്ന് റോഡരികിൽ കിടന്ന സദാനന്ദനെ 15 മിനിറ്റിനുശേഷം പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഫെബ്രുവരി ആറിന് നിശ്ചയിച്ച സഹോദരിയുടെ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട് ബന്ധുവീടുകൾ സന്ദർശിച്ച് മടങ്ങുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. ആൾക്കൂട്ടത്തെ ഭയപ്പെടുത്താനായി നാടൻ ബോംബുകളും പ്രതികൾ എറിഞ്ഞിരുന്നു. ആശുപത്രിയിൽ എത്തിക്കാതിരിക്കാൻ ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവസമയത്ത് എൽ.പി സ്കൂൾ അധ്യാപകനായിരുന്നു സദാനന്ദൻ. കുറ്റവാളികള്‍ക്ക് കെ കെ ശൈലജ യാത്രയയപ്പ് നല്‍കിയത് ദൗര്‍ഭാഗ്യകരമെന്നായിരുന്നു സി സദാനന്ദന്‍ പ്രതികരിച്ചത്.

Tags:    
News Summary - K.K. Shailaja defends presence at send-off to c sadanandan murder attempt case convicted CPI(M) activists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.