കെ.കെ ശിവരാമൻ
വെള്ളാപ്പള്ളി നടേശനെയും തലശ്ശേരി ബിഷപ്പ് പാമ്പ്ലാനിയെയും വിമർശിച്ച് സി.പി.ഐ സ്‌റ്റേറ്റ് കമ്മിറ്റി അംഗവും ഇടുക്കി മുൻ ജില്ലാ സെക്രട്ടറിയുമായ കെ.കെ. ശിവരാമന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. മുസ്ലീം വേട്ട അവസാനിപ്പിച്ച് ക്രൈസ്തവ വേട്ട ആരംഭിച്ചിരിക്കുന്നുവെന്നാണ് വെള്ളാപ്പള്ളിക്കെതിരായ വിമർശനം. ശ്രീനാരായണ ഗുരുവിന്‍റെ പേരിൽ പ്രവർത്തിക്കുന്ന സംഘടനയുടെ ജനറൽ സെക്രട്ടറി പദവിയിലിരുന്നാണ് വെള്ളാപ്പള്ളി വർഗീയ പ്രചാരണം നടത്തുന്നതെന്നും ഗുരുദർശനത്തിന്‍റെ വഴിയിലല്ല പ്രവർത്തിക്കുന്നതെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
ശ്രീനാരായണ ഗുരു ഈഴവന്‍റെ സ്വകാര്യ സ്വത്തല്ല എന്ന് പറഞ്ഞ ശിവരാമൻ, ബിഷപ്പ് പാമ്പ്ലാനിയും വെള്ളാപ്പള്ളിയും ഒരേ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും വിമർശിച്ചു. ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ അമിത് ഷാക്കും മോദിക്കും രാജീവ് ചന്ദ്രശേഖരനും നന്ദി പറഞ്ഞ പാമ്പ്ലാനിയുടെ നിലപാടിനെ പോസ്റ്റിൽ നിശിതമായി വിമർശിക്കുന്നു.
ബജ്റംഗദളിന്‍റെ കൽപ്പന അനുസരിച്ച് 9 ദിവസം ജയിലിൽ കഴിഞ്ഞ കന്യാസ്ത്രീകളുടെ മോചനത്തിനായി കേരളത്തിൽ നിന്നുള്ള എം.പിമാർ അവിടെയെത്തി പ്രതിഷേധം നടത്തുകയും അവർക്ക് ജാമ്യം നൽകുകയുമായിരുന്നു. ജാമ്യം മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നും കേസ് ഇപ്പോഴും നിലനിൽക്കുകയാണെന്നും പിന്നെ എന്തിന് ഇവർക്ക് നന്ദി പറയണമെന്നുമാണ് പോസ്റ്റിൽ ചോദിക്കുന്നത്. ഇ.ഡിയെയും സി.ബി.ഐയും, എൻ.ഐ എയുമൊക്കെ ഭയന്ന് അമിത്ഷായെ തൃപ്തിപ്പെടുത്താനാണ് പാമ്പ്ലാനിയും വെള്ളാപ്പള്ളിയും ശ്രമിക്കുന്നതെന്നാണ് കെ.കെ ശിവരാമൻ ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.