തിരുവനന്തപുരം: അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഒൻപത് ഡാമുകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. ഡാമുകള്‍ക്ക് അരികില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി.
പത്തനംതിട്ടയിലെ കക്കി, മൂഴിയാര്‍, ഇടുക്കിയിലെ മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, തൃശൂര്രിലെ ഷോളയാര്‍, പെരിങ്ങല്‍കുത്ത്, വയനാട്ടിലെ ബാണാസുരസാഗര്‍ എന്നീ ഡാമുകള്‍ക്കാണ് മുന്നറിയിപ്പ്. ഡാമുകളില്‍ നിന്ന് നിശ്ചിത അളവില്‍ വെള്ളം പുറത്ത് വിടുന്നുണ്ട്.
അതേസമയം, സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് നിര്‍ദേശമുണ്ട്. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറിത്താമസിക്കേണ്ടതാണ്.
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലര്‍ട്ടുമാണ്. കൂടാതെ, കാറ്റും മഴയും ശക്തമായതിനാല്‍ മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ടെന്നും ജനം ജാഗ്രത പാലിക്കണമെന്നും കെ.എസ്.ഇ.ബി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. രാത്രി കാലങ്ങളിലും പുലര്‍ച്ചെയും പുറത്തിറങ്ങുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.