പാലക്കാട് മുൻ കലക്ടറുടെ 2020ലെ സർക്കുലർ റദ്ദാക്കി റവന്യൂ വകുപ്പിന്‍റെ ഉത്തരവ്; വീഴ്ച തിരിച്ചറിഞ്ഞത് നാല് വർഷം കഴിഞ്ഞ്

തൃശൂർ: പാലക്കാട് മുൻ കലക്ടറുടെ 2020 മാർച്ച് അഞ്ചിലെ സർക്കുലർ റദ്ദാക്കി റവന്യൂ വകുപ്പിന്‍റെ ഉത്തരവ്. ഈ സർക്കുലറിൻറെ അടിസ്ഥാനത്തിൽ സർക്കാരിനു പ്രതികൂലമായ നിലയിൽ കോടതി വിധികളുണ്ടായി. സർക്കാരുമായി കൂടിയാലോചിക്കാതെയും സർക്കാർ അനുമതിയില്ലാതെയും പാലക്കാട് മുൻ കലക്ടർ ഡി. ബാലമുരളി സർക്കുലർ (ഡി.സി.പികെ.ഡി/2642/2020-സി.എ1) ഇറക്കിയത്. അതിനാലാണ് ഈ സർക്കുലർ റദ്ദാക്കിയതെന്ന് ഉത്തരവിൽ പറയുന്നു.

2008ലെ നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം, 2015ലെ മൈനർ മിനറൽ കൺസെഷൻ (കെ.എം.എം.സി) ചട്ടങ്ങൾ, 2011ലെ നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണവും നിയമം തുടങ്ങിവ വിവിധ വകുപ്പുകൾ നടപ്പാക്കുമ്പോൾ ഉദ്യോഗസ്ഥർക്ക് ആശയക്കുഴപ്പം ഉണ്ടാകുന്നു. അത് പരിഹരിക്കാനാണ് സ്വന്തം നിലയിൽ ചട്ടങ്ങളെ വ്യാഖ്യാനിച്ച് പാലക്കാട് കലക്ടർ സർക്കുലർ പുറപ്പെടുവിച്ചത്.

നിയമത്തെ വ്യാഖ്യാനിക്കുകയോ, ഭേദഗതി വരുത്തുകയോ ചെയ്യുന്ന പൊതുവായ സ്വഭാവമുള്ള പുതിയ ചട്ടങ്ങൾ രൂപീകരിക്കാനോ, അത് വ്യാഖ്യാനിച്ചു സർക്കുലറുകളും ഉത്തരവുകളും പുറപ്പെടുവിക്കാനുള്ള അധികാരം സർക്കാരിനോ, അല്ലെങ്കിൽ നിയമം വഴി ആ അധികാരം കൈമാറ്റം ചെയ്യപ്പെട്ട പ്രത്യേക അധികാരികൾക്കോ മാത്രമാമുള്ളത്. സർക്കാരുമായോ ലാൻഡ് റവന്യൂ കമീഷണറുയോ കൂടിയാലോചിക്കാതെയും അനുമതിയില്ലാതെയുമാണ് വിവിധ വകുപ്പുകളുടെ അധികാര പരിധിയിൽ വരുന്ന ആക്റ്റുകളെയും, ചട്ടങ്ങളെയും സ്വന്തം നിലയിൽ പാലക്കാട് കലക്ടർ സർക്കുലർ പുറപ്പെടുവിച്ചത്.

നിയമങ്ങളെയും ചട്ടങ്ങളെയും വ്യാഖ്യാനിച്ചു ഉത്തരവുകളും സർക്കുലറുകളും പുറപ്പെടുവിക്കുന്നതിനുള്ള നയപരമായ അധികാരം സർക്കാരിൽ നിക്ഷിപ്തമാണ്. ഈ സർക്കുലർ പാലക്കാടു കലക്ടർ പുറപ്പെടുവിച്ചത് ക്രമപ്രകാരമല്ലെന്ന് റവന്യു വകുപ്പ് കണ്ടെത്തി. ഈ സർക്കുലറിന്റെ അടിസ്ഥാനത്തിൽ പല കോടതി വിധികളും സർക്കാരിനെതിരായി വന്നു. അതിനാലാണ് നാല് വർഷത്തിന് ശേഷം സർക്കുലർ അടിയന്തിരമായി റദ്ദ് ചെയ്യാൻ റവന്യൂഉത്തരവിറക്കിയത്.

22 കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് 2020 മാർച്ച് അഞ്ചിന് പാലക്കാട് കലക്ടർ സർക്കുലർ ഇറക്കിയത്. 2008ലെ നെൽവെയിൽ തണ്ണീർത്തണ സംരക്ഷണ നിയമത്തിനും 2001ലെ നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും നിയമത്തിനും മാർഗനിർദ്ദേശങ്ങൾ നൽകിയാണ് സർക്കുലർ പുറപ്പെടുവിച്ചത്. തണ്ണീർത്തട-നെൽവയൽ പരിവർത്തനം, മണൽവാരൽ, മണ്ണ് ഖനനം തുടങ്ങിയവ ഖനിജങ്ങളുടെ കടത്തൽ എന്നിവയുമായി ബന്ധപ്പെട്ടാണ് സർക്കുലർ പുറപ്പെടുവിച്ചത്.

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കേണ്ടത് എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായിയെന്നാണ് സർക്കുലറിൽ വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ആശയ കുഴപ്പമുള്ളതായി കലക്ടറുടെ ശ്രദ്ധയിൽപ്പെട്ടു. പൊതുജനങ്ങളെ പ്രയാസപ്പെടുത്തി നിരവധി കേസുകളിൽ നിയമവിരുദ്ധമല്ലാത്ത പ്രവർത്തികൾക്കെതിരെ വാഹനം പിടിച്ചെടുത്തിരുന്നു. ഈ അവസരത്തിൽ പൊതുജന താൽപര്യാർഥം ഉദ്യോഗസ്ഥർക്ക് മാർഗനിർദ്ദേശം നൽകാനാണ് സർക്കുലർ പുറപ്പെടുവിച്ചത്. അധികാരമില്ലാത്ത ജോലിയാണ് പാലക്കാട് കലക്ടർ നിർവഹിച്ചതെന്നാണ് റവന്യൂ വകുപ്പ് നാല് വർഷത്തിന് ശേഷം കണ്ടെത്തിയത്.

Tags:    
News Summary - Revenue Department orders cancellation of 2020 circular of former Palakkad Collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.